കോഴിക്കോട്: ഇത്തവണത്തെ പെരുന്നാള്‍ പ്രഖ്യാപനവും കേരളാ മുസ്‌ലീങ്ങള്‍ക്കിടയില്‍ മാസമുറപ്പിക്കുന്നതിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലേക്കെത്തിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് സ്ഥലത്ത് പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചതും കേരളത്തിലെ മറ്റിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചതുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയ്ക്ക് കാരണമായത്.

ലോകത്തെല്ലായിടത്തും കേരളത്തിലെ കാസര്‍ഗോട്ടെ ചില പ്രദേശങ്ങളിലും പെരുന്നാളായിട്ടും കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഞായറാഴ്ച പെരുന്നാളായി പ്രഖ്യാപിക്കാത്തതിനെതിരായാണ് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. സമസ്ത ഇകെ, വിഭാഗം എപി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദീന്‍ വിഭാഗത്തിലെ ഹിജറ ഹിലാല്‍ കമ്മിറ്റിയൊഴികെയുള്ള എല്ലാ വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മതസംഘടനകളെല്ലാം തിങ്കളാഴ്ചയാണ് പെരുന്നാളായി പ്രഖ്യാപിച്ചത്.


Dont Miss നിങ്ങള്‍ ബി.ജെ.പിയുടെ ഗുണ്ടകളാണ്; പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് പോയി പറയൂ: ബി.ജെ.പി നേതാക്കളെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത് യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ


എന്നാല്‍ കലണ്ടറില്‍ നോക്കി നിസ്‌കാര സമയം ഉറപ്പിക്കുന്നവര്‍ മാസപ്പിറവി കണ്ണുകൊണ്ട് കണ്ടുറപ്പുറപ്പുവരുത്തണമെന്ന് പറയുന്നത് പരിഹാസ്യമാണെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്.

‘ശിവകാശിയിലെ മുത്തുച്ചാമി മുതലിയാരുടെ പ്രസ്സിലടിച്ച കലണ്ടര്‍ നോക്കി ബാങ്ക് വിളിക്കുന്ന മൊയ്‌ല്യാന്‍മാര്‍ക്ക് പിറ മാനത്ത് കണ്ടാലേ പെരുന്നാള് ലഗാനിക്കൂ..എന്നിട്ട് വാട്ട്‌സാപ്പില്‍ വഅളും പറയും …’ എന്നാണ് മാധ്യമപ്രവര്‍ത്തകനായ കെ.എ സൈഫുദ്ദീന്‍ പരിഹസിക്കുന്നത്.

മാസപ്പിറവി ശാസ്ത്രീയമായി കാണാന്‍ സാധ്യതയില്ലാത്ത ദിവസം മേഘംമൂടി നില്‍ക്കുന്ന ആകാശത്ത് നോക്കി മാസം പിറന്നില്ല എന്ന് പറയുകയെന്നത് നിഷ്ഠാവ്യഗ്രതയുടെയും (puritanism) അനുഷ്ഠാനപുനരുത്ഥാനവാദത്തിന്റെയും (revivalism) ഒന്നാന്തരം ഉദാഹരണമായിട്ടേ കാണാന്‍ കഴിയുള്ളൂ എന്നാണ് ജമാഅത്തെ ഇസ് ലാമി നേതാവും അല്‍ ജാമിയ അല്‍ ഇസ്‌ലാമിയ ശാന്തപുരം കോളേജിലെ അധ്യാപകനുമായ മുഹമ്മദ് ഷമീം പറയുന്നു. മനുഷ്യന്റെ അറിവിലുണ്ടാകുന്ന വികാസങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ഇരുട്ടില്‍ത്തപ്പിക്കുകയും ചെയ്യും. അത് ഒരിക്കലും മനുഷ്യനെ മുന്നോട്ടേക്കല്ല നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്‌ലാമിലെ ഏറ്റവും ആരാധനാ കര്‍മമായ നിസ്‌കാരത്തിന് ദിവസം 5 സമയമെങ്കിലും പതുക്കെ വാച്ചുകള്‍ക്കും കലണ്ടറുകള്‍ക്കും വഴി മാറിയവര്‍ പെരുന്നാളിന്റേയും നോമ്പിന്റെയും വിഷയമെത്തുമ്പോള്‍ ഗോള ശാസ്ത്ര രീതികളോട് പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് സാമൂഹ്യനിരീക്ഷകനായ നാസറുദ്ദീന്‍ ചേന്ദമംഗലൂര്‍ കുറ്റപ്പെടുത്തുന്നു. നമസ്‌കാരത്തിന്റെ കാര്യത്തില്‍ സ്വീകാര്യമാവുന്ന യുക്തിയും രീതിശാസ്ത്രവും പെരുന്നാളിന്റെ കാര്യത്തില്‍ തള്ളിക്കളയുന്നതിന്റെ കാരണം പൗരോഹിത്യം മാത്രമാണന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇതേതെങ്കിലുമൊരു ആരാധനാ കര്‍മത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതുമല്ല. അതിനപ്പുറം മതത്തെ ശാസ്ത്രത്തില്‍ നിന്നും യുക്തി ചിന്തയില്‍ നിന്നും വേര്‍പെടുത്തിയെടുക്കുകയെന്ന വിശാല താല്‍പര്യത്തിന്റെ ഭാഗമാണിതെല്ലാം. ഇങ്ങനെ കാലഹരണപ്പെട്ട, ‘ജീവിക്കുന്ന ജഡമായ’ മതമാണ് തങ്ങളുടെ ചൂഷണത്തിന് അനുയോജ്യമെന്ന് ഇവര്‍ ശരിയായി തന്നെ മനസ്സിലാക്കുന്നുവെന്നും നസറുദ്ദീന്‍ ആരോപിക്കുന്നു.

മുസ്‌ലിം ഐക്യം എന്ന വലിയ കാര്‍പെറ്റിനു അടിയിലേക്ക് ഇതും തൂത്തിടും. എന്നിട്ട് എല്ലാ ചര്‍ച്ചകളും നിഷേധിക്കും. സര്‍വ ശാസ്ത്രത്തെ കുറിച്ചും നമ്മുടെ കിതാബിലുണ്ടെന്നു വാദിക്കും. പക്ഷേ, എന്തെങ്കിലും ശാസ്ത്രം പറയുന്നവനെ സംശയത്തോടെ വീക്ഷിക്കും.
അല്പം ശാസ്ത്ര ബോധമൊക്കെ ഒരലങ്കാരമാണെന്ന് മുഹമ്മദ് യാസര്‍ പറയുന്നു. അയ്യായിരം വര്‍ഷത്തെ ലൂണാര്‍ കലണ്ടര്‍ ഇന്ന് ലഭ്യമാണ്. ചന്ദന്റെ ചലനങ്ങളും ഗ്രഹണങ്ങളും പൗര്‍ണമിയും അമാവാസിയും എല്ലാമെല്ലാം ഏതു വര്‍ഷത്തേതു വേണമെങ്കിലും ലഭ്യമാണെന്നിരിക്കെ ഇപ്പോഴും കടപ്പുറത്തേയ്ക്ക് ഓടുന്നവരും ഓട്ടുന്നവരും സമൂഹത്തെ പരിഹാസ്യമാക്കുകയാണെന്ന കാര്യമാണെന്ന് മുസ്തഫാ മൗലവി മട്ടന്നൂര്‍ പറയുന്നു.

അതേസമയം മുഹമ്മദ് നബി പറഞ്ഞതും കാണിച്ചതും 29 ന് നോക്കുക ആകാശം മേഘാവൃതമായാല്‍ 30 പൂര്‍ത്തിയാക്കുക എന്നാണെന്നും കണ്ണുകൊണ്ട് കാണണമെന്ന് പറയുന്നവര്‍ വാദിക്കുന്നു. അത് എത്ര വിഡ്ഡിത്തമാണെങ്കിലും ആ വിഡ്ഡിത്തത്തെ നൂറ് വട്ടം അംഗീകരിക്കുന്നുവെന്നും അവര്‍ പറയുന്നു.

കേരളത്തിലെ മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ മാസപ്പിറവി ഒരു തര്‍ക്കവിഷയമായിരുന്നു. നഗ്നനേത്രം കൊണ്ട് മാസപ്പിറവി ദൃശ്യമായാല്‍ മാത്രം മാസമുറപ്പിക്കാന്‍ പാടുള്ളൂവെന്നാണ് സുന്നി സംഘടനകളും പരമ്പരാഗത ഖാദിമാരും പറയുന്നത്. എന്നാല്‍ ശാസ്ത്രീയമായി കാണാന്‍ സാധ്യതയുള്ള ദിവസം മാസം കണ്ടാല്‍ മാത്രം മാസം ഉറപ്പിക്കാമെന്നും ശാസ്ത്രീയമായി കാണാന്‍ സാധ്യതയില്ലാത്ത ദിവസം കണ്ടുവെന്ന് പറഞ്ഞാലും പരിഗണിക്കേണ്ടതില്ലെന്നുമാണ് മുജാഹിദ് വിഭാഗം നേതൃത്വം നല്‍കുന്ന ഹിലാല്‍ കമ്മിറ്റിയുടെ വാദം.
ശാസ്ത്രീയമായ കണക്കുകള്‍ക്കനുസരിച്ച് ഹിജറ മാസത്തെ പരിഗണിക്കണമെന്നാണ് ഹിജറ ഹിലാല്‍ കമ്മിറ്റിയുടെ വാദം. ഭൂരിഭാഗം മുസ്‌ലീങ്ങളുടെ തീരുമാനത്തിനനുസരിച്ച് പെരുന്നാള്‍ ദിനവും നോമ്പും ആഘോഷിക്കാമെന്നാണ് ജമാഅത്തെ ഇസ്‌ലാമി വിശദീകരിക്കുന്നത്. ഇത് മുസ് ലീം വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കുകയും രണ്ട് സുന്നി വിഭാഗങ്ങള്‍ തന്നെ വ്യത്യസ്ത ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. മുസ്‌ലീം സമ്പന്നരുടേയും വ്യവസായികളുടേയും നേതൃത്വത്തില്‍ മുസ്‌ലീം ഐക്യവേദി രൂപീകരിച്ചതിന് ശേഷമാണ് പെരുന്നാള്‍ നോമ്പ് ദിവസങ്ങളില്‍ ഏകീകരണമുണ്ടായത്.