എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ് വിധി ഇന്ന്: നീതി പീഠത്തില്‍ ഉറച്ചവിശ്വാസമെന്ന് രമ
എഡിറ്റര്‍
Wednesday 22nd January 2014 7:56am

tp-chandras

കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ രാഷ്ട്രീയ കേരളം കാത്തിരുന്ന വിധി ഇന്ന്.

രാവിലെ 11 ന് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടിയാണ് വിധി പ്രഖ്യാപിക്കുക.

വിധി എന്തായാലും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ പറഞ്ഞു. ടി.പിയുടെ വധത്തേക്കാള്‍ വലിയ ദുരന്തം ഇനി നേരിടാനില്ല.

കൊല്ലിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമത്തോട് ആദരവും വിശ്വാസവുമാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമ പ്രതികരിച്ചു.

നാടിനു വേണ്ടി പ്രവര്‍ത്തിച്ച തന്റെ മകനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും കൂടെനിന്ന് കൊന്നവരെ ശിക്ഷിക്കണമെന്നും ടി.പിയുടെ അമ്മ പദ്മിനി പറഞ്ഞു.

കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണെന്ന് മകന്‍ അഭിനന്ദും പ്രതികരിച്ചു.

അക്രമസാധ്യതയും കേസിന്റെ രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.

നിലവില്‍ 36 പ്രതികളാണ് വിചാരണ പൂര്‍ത്തിയായി വിധിക്കായി കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11 നാണ് കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയത്. എഴുപത്താറ് പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാനായില്ല. രണ്ടു പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

പിന്നീട് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് അടക്കമുള്ള 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ ഒമ്പതാം പ്രതിയും സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായി സി.എച്ച് അശോകന്‍ വിചാരണയ്ക്കിടെ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു.

സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഇടക്കാല വിധിയിലൂടെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനടക്കം 20 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടു.

വടകര മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഡി.വൈ.എസ്.പി മാര്‍ക്ക് നല്‍കി. വിചാരണ കോടതിയും പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജില്ലാ ജയിലും ഉള്‍പ്പെടുന്ന കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement