എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി രാമക്ഷേത്രത്തെ വിറ്റ് കാശാക്കുന്നു: ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തുറുപ്പുചീട്ട്: പ്രകടനപത്രികയിലെ രാമക്ഷേത്ര വാഗ്ദാനത്തെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
എഡിറ്റര്‍
Thursday 2nd February 2017 3:41pm

bjp1

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ രാമക്ഷേത്ര വാഗ്ദാനത്തെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബി.ജെ.പി രാമക്ഷേത്രത്തെ വിറ്റ് കാശാക്കുകയാണെന്ന് മധുര ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും രാമക്ഷേത്ര വിഷയം ബി.ജെ.പി പൊടിതട്ടിയെടുക്കുകയാണ്. അസംബ്ലി തിരഞ്ഞെടുപ്പില്‍ അത് വിറ്റ് കാശാക്കാനാണ് അവരുടെ ശ്രമം. മധുര അസംബ്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളായ പ്രദീപ് മധുര്‍ പറഞ്ഞു.

കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്നും ബി.ജെ.പിയെ ആരെങ്കിലും തടയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇനിയും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചുകൂടാ. ബി.ജെ.പിയുടെ അത്ര അവസരവാദികളായ മറ്റൊരു പാര്‍ട്ടിയില്ലെന്നും പ്രദീപ് മധുര്‍ പറയുന്നു.


Dont Miss ‘ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കണം’ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാല്‍ വിനീതിന് നല്‍കിയ ഉപദേശം 


രാമക്ഷേത്ര നിര്‍മാണത്തെ അസംബ്ലി തിരഞ്ഞെടുപ്പിനായുള്ള വെറും തുറുപ്പുചീട്ടായി മാത്രമാണ് ബി.ജെ.പി കണക്കാക്കിയിട്ടുള്ളതെന്ന് ബി.എസ്.പി സ്ഥാനാര്‍ത്ഥി യോഗേഷ് ദ്വിവേദി പറഞ്ഞു.

കഴിഞ്ഞ രണ്ടരവര്‍ഷമായി എന്തുകൊണ്ടാണ് ബി.ജെ.പി രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്താതിരുന്നത്. അതും കേന്ദ്രത്തില്‍ അവര്‍ അധികാരത്തിലിരുന്നിട്ടുപോലും അങ്ങനെ ചെയ്തില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വെറും തുറുപ്പുചീട്ടുമാത്രമാണ് ബി.ജെ.പിയെ സംബന്ധിച്ച് രാമക്ഷേത്ര നിര്‍മാണം.

പ്രകടനപത്രികയില്‍ രാമക്ഷേത്ര നിര്‍മാണം വാഗ്ദാനം ചെയ്ത് ആളുകളുടെ മതവികാരങ്ങളെ വോട്ട് ആക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി ഗോവര്‍ദ്ധന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷപാര്‍ട്ടികളുടെ ഈ ആരോപണത്തെ തള്ളി ബി.ജെ.പിയുടെ ദേശീയവക്താവ് ശ്രീകാന്ത് ശര്‍മ രംഗത്തെത്തി. രാമക്ഷേത്രത്തെ വിശ്വാസമായി മാത്രമേ ഞങ്ങള്‍ കാണുന്നുള്ളൂ എന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ഇദ്ദേഹം പറയുന്നു.

Advertisement