ന്യൂദല്‍ഹി: ‘ഒരുപാട് നാള്‍ കാത്തിരുന്നു, ഞാന്‍ നീതിന്യായത്തില്‍ വിശ്വസിക്കുന്നത് അവസാനിപ്പിച്ചിരുന്നു.’ പറയുന്നത് റാം റഹീമിനെതിരായ ബലാത്സംഗകേസിലെ ഇരയുടെ അമ്മയാണ്. റാം റഹീമിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 73 കാരിയായ അമ്മയുടെ പ്രതികരണം.

റാം റഹീം പീഡിപ്പിച്ച നിരവധി പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ആ അമ്മയുടെ മകള്‍. റാം റഹീമിന്റെ ആശ്രമത്തിലെ പീഡനത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ്ക്ക് 2002 ല്‍ ആശ്രമത്തിലെ അന്തേവാസി അയച്ച കത്ത് പ്രചരിപ്പിച്ചതിന് റാം റഹീമിന്റെ അനുയായികള്‍ അവരുടെ മകനെ വധിച്ചിരുന്നു.


Also Read:  കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ: ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെയെന്ന് പൊലീസ്


നഷ്ടങ്ങളില്‍ തോല്‍ക്കാന്‍ കൂട്ടാക്കാതെ ദേരാ സച്ചാ സൗദയുടെ തലവനെ അഴിക്കുള്ളിലാക്കുന്നതു വരെ അടങ്ങില്ലെന്ന് ആ അമ്മ പ്രതിജ്ഞയെടുക്കുകയായിരുന്നു. കോടിക്കണക്കിന് വരുന്ന അനുയായികള്‍ റാം റഹീമിനായി തെരുവില്‍ ഇറങ്ങുമെന്ന് അറിഞ്ഞിട്ടും നീതിക്കായി പോരാടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 15 വര്‍ഷം അവര്‍ അതിനായി പൊരുതി.

റാം റഹീമിന്റെ കടുത്ത വിശ്വാസികളും അനുയായികളുമായിരുന്നു അവരുടെ കുടുംബം. കൊല്ലപ്പെട്ട സഹോദരന്‍ റാം റഹീമിന്റെ തൊട്ടടുത്ത അനുചരന്മാരിലൊരാളുമായിരുന്നു. പീന്നീട് ആശ്രമത്തില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് അറിഞ്ഞതോടെ സംഘത്തില്‍ നിന്നും അകലുകയായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ ഈ വിധിയിലൂടെ നീതിന്യായത്തിലുള്ള ഞങ്ങളുടെ വിശ്വാസം തിരിച്ചു കിട്ടിയിരിക്കുകയാണ്. ഇത് കാണാന്‍ പാപ്പാജി ഇല്ലല്ലോ എന്നെ വിഷമമേ എനിക്കുള്ളൂ’ കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യ പറയുന്നു. 35 വര്‍ഷം ഗ്രാമത്തിന്റെ മുഖ്യനായിരുന്ന ഇരയുടെ പിതാവ് കഴിഞ്ഞ വര്‍ഷമാണ് മരിക്കുന്നത്. മരണം വരെ റാം റഹീമിനെതിരെ അദ്ദേഹം പോരാടുകയായിരുന്നു.

തന്റെ ഭര്‍ത്താവ് റാം റഹീമിന്റെ കടുത്ത ഭക്തനായിരുന്നുവെന്നും അദ്ദേഹം വരുമ്പോള്‍ താമസിക്കാന്‍ മാത്രമായി വീടിന്റെ മുകളിലത്തെ നില തയ്യാറാക്കി വെക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് തന്റെ ജീവിതത്തിലെ നല്ല ഭാഗം പാഴാക്കി കളഞ്ഞെന്നോര്‍ത്ത് അദ്ദേഹം ദു:ഖിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.