എഡിറ്റര്‍
എഡിറ്റര്‍
ബാല്‍ താക്കറേ: വിദ്വേഷത്തിന്റെ പ്രവാചകന്‍
എഡിറ്റര്‍
Sunday 25th November 2012 3:20pm

അയാളുടെ ആദ്യത്തെ ദൗത്യം മുതലാളിമാരുടെയും അപ്പോഴത്തെ ഭരണകക്ഷി ആയിരുന്ന കോണ്‍ഗ്രസിന്റേയും ആജ്ഞ അനുസരിച്ച് ഇടത് തൊഴിലാളി യൂണിയനുകളെ തച്ചുടക്കുക എന്നതായിരുന്നു. ഇത് ഇടത് തൊഴിലാളി യൂണിയനുകളും ശിവസേന അനുയായികളുമായി ഒരു തുറന്ന പോരാട്ടത്തിന് വഴി വെച്ചു. രാം പുനിയാനി എഴുതുന്നുഎസ്സേയ്‌സ്‌/രാം പുനിയാനി

മൊഴിമാറ്റം/  ദേവദാസ് പാലോട്


ബാല്‍ താക്കറേയുടെ മരണ വാര്‍ത്ത മുംബൈ നഗരത്തെ അക്ഷരാര്‍ഥത്തില്‍  നിശ്ചലമാക്കിയിരുന്നു. മിക്ക വാര്‍ത്ത ചാനലുകളും അയാളുടെ അന്ത്യ യാത്ര തത്സമയം പ്രക്ഷേപണം ചെയ്യുകയും അയാളുടെ ഉന്നത വ്യക്തിത്വത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഈ നഗരത്തിനു മേല്‍ അയാളുടെ നിയന്ത്രണം തീര്‍ത്തും പൂര്‍ണമായിരുന്നു, വിശേഷിച്ചും കഴിഞ്ഞ മൂന്നു ശതകങ്ങളില്‍. അതിനു വേണ്ടി അയാള്‍ ഉപയോഗിച്ച രീതികളെ ശരി വെച്ചവരുണ്ട്.

Ads By Google

പക്ഷെ മറ്റുചിലരില്‍ അയാളുടെ ശിവ സൈനികര്‍ അഴിച്ചു വിട്ട അക്രമത്തിന്റെ വഴി അത്യന്തം ഭീതി ഉളവാക്കി. ഇന്നിപ്പോള്‍ ഈ നഗരം നിശ്ചലമായത് അയാളോടുള്ള ബഹുമാനം കൊണ്ടാണോ അതോ ഭയം കൊണ്ടാണോ എന്നത് ഉറപ്പിച്ച് വിലയിരുത്താനാവില്ല.

ചില രേഖകള്‍ അനുസരിച്ച് താക്കറേയുടെ കുടുംബം ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി പാര്‍ത്തവരാണ്. ബാല്‍ താക്കറേ മഹാരാഷ്ട്ര്യന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ‘മണ്ണിന്റെ മക്കള്‍ക്ക്’ ജോലി എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടും തെക്കന്‍ ഇന്ത്യക്കാര്‍ , ഗുജറാത്തികള്‍ , ബീഹാറികള്‍ എന്നിവര്‍ക്കെതിരെ തുറന്ന ഭീഷണികള്‍ മുഴക്കി  കൊണ്ടുമാണ്.

രാം പുനിയാനി:
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. മുംബൈ ഐ.ഐ.ടിയിലെ ബയോകെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന രാം പുനിയാനി 2004ല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയം മുഴുകുന്നതിനായി വോളന്ററി റിട്ടയര്‍മെന്റ്‌ എടുത്തു. ഇന്ത്യന്‍ മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ നിറ സാനിദ്ധ്യമാണ് രാം പുനിയാനി.
രാജ്യത്തുടനീളം സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സെമിനാറുകളും ലക്ചര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

അയാളുടെ ആദ്യത്തെ ദൗത്യം മുതലാളിമാരുടെയും അപ്പോഴത്തെ ഭരണകക്ഷി ആയിരുന്ന കോണ്‍ഗ്രസിന്റേയും ആജ്ഞ അനുസരിച്ച് ഇടത് തൊഴിലാളി യൂണിയനുകളെ തച്ചുടക്കുക എന്നതായിരുന്നു. ഇത് ഇടത് തൊഴിലാളി യൂണിയനുകളും ശിവസേന അനുയായികളുമായി ഒരു തുറന്ന പോരാട്ടത്തിന് വഴി വെച്ചു.

അത് സി.പി.ഐ തൊഴിലാളി യൂണിയന്‍ നേതാവ് കൃഷ്ണ ദേശായിയുടെ മരണത്തില്‍ കലാശിച്ചു. ഈ ആഘാതത്തില്‍ നിന്നും ഇടത് തൊഴിലാളി യൂണിയനുകള്‍ പിന്നീടൊരിക്കലും ഉയിര്‍ത്തെഴുന്നേറ്റില്ല.

പിന്നീട് അയാള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവടു മാറി. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും 92- 93ലെ മുംബൈ കലാപത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. ‘സാമ്‌ന’ എന്ന ശിവസേന മുഖപത്രത്തിലൂടെ അത്യന്തം പ്രകോപനപരമായ ലേഖനങ്ങള്‍ അയാള്‍ എഴുതുകയുണ്ടായി.

ഇതെല്ലാം ‘ഹേറ്റ് സ്പീച്ച്’ ആയിരുന്നു.  മുംബൈയിലെ പലരും അതിനെതിരെ കോടതിയില്‍ പോയങ്കെിലും ഫലമുണ്ടായില്ല. താക്കറേ വീണ്ടും തന്റെ മുസ്‌ലീം വിരുദ്ധ ലേഖനങ്ങളും പ്രസംഗങ്ങളും തുടര്‍ന്നുകൊണ്ടേ ഇരുന്നു. എന്നിരുന്നാലും ഇലക്ഷന്‍ കമ്മീഷന്‍ അയാളെ ആറ് വര്‍ഷത്തേക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന്  വിലക്കിയിരുന്നു.

ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം അതിന്റെ ഉത്തരവാദിത്ത്വം ശിവസേനയുടെ പേരില്‍ ആരോ ഉന്നയിക്കുകയുണ്ടായി. താക്കറേ അത് തന്ത്രപൂര്‍വ്വം ശരി വെക്കുകയും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു,.

മുംബൈ കലാപത്തിനെ കുറിച്ച് അന്വേഷണം നടത്തിയ ശ്രീകൃഷ്ണ കമ്മീഷന്‍ ശിവസേന നായകനെ കുറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ധാരാവിയിലും മറ്റും ശിവസേന നടത്തിയ വിജയാഘോഷ ജാഥകളെ കമ്മീഷന്‍ പ്രത്യേകം പരാമര്‍ശിച്ചു.

‘ഈ ജാഥകളില്‍ പ്രകോപനപരമായ പല മുദ്രാവാക്യങ്ങളും സേന ഉപയോഗിക്കുക ഉണ്ടായി.  മുസ്സല്‍മാന്റെ  സ്ഥാനം പാക്കിസ്ഥാനിലോ അല്ലെങ്കില്‍ കല്ലറയിലോ ആണെന്നായിരുന്നു ശിവസേനയുടെ ഒരു മുദ്രാവാക്യം. ഇതിന് ഉത്തരമായി മുസ്‌ലീമുകളില്‍ ചിലര്‍ ഇങ്ങനെ ആക്രോഷിച്ചു  ‘ഞങ്ങളെ ആക്രമിക്കാന്‍ തുനിയുന്നവരെ ഇല്ലാതാക്കും’.

മറ്റൊരു ഉദാഹരണമായി കമ്മീഷന്‍ ചൂണ്ടി കാണിക്കുന്നത് ‘സാമ്‌ന’യില്‍ 1993 ജനുവരി ഒന്നാം തീയതി താക്കറേ എഴുതിയ ഒരു ലേഖനം ആണ്  ‘ഹിന്ദുക്കള്‍ കൂടുതല്‍  അക്രമോത്സുകരാകണം’ എന്ന തലക്കെട്ടില്‍ ആയിരുന്നു ആ ലേഖനം.

കമ്മീഷന്‍ തുടര്‍ന്ന് പറയുന്നു  ‘കലാപ ദിവസം താക്കറെയുടെ വീട്ടില്‍ നടന്ന സംഭാഷണങ്ങള്‍ (യുവരാജ് മോഹിതെ , മഹാനഗര്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ കേട്ടത് ) തെളിയിക്കുന്നത് താക്കറെ ശിവ സൈനികര്‍ക്ക് മുസ്‌ലീംകളെ  ആക്രമിക്കാന്‍ നിര്‍ദേശം കൊടുത്തു എന്നാണ്.

പകരത്തിനു പകരം കൊടുക്കുകയും തെളിവ് നല്‍കാന്‍ ഒരു മുസല്‍മാനെ പോലും ബാക്കി വെക്കരുത് എന്നുമായിരുന്നു ആ നിര്‍ദേശങ്ങള്‍. സാമ്‌നയിലെയും നവകാളിലെയും ലേഖനങ്ങള്‍ ഹിന്ദുക്കളുടെ മത വികാരം ആളിക്കത്തിക്കുന്നവ ആയിരുന്നു. തുടര്‍ന്ന് 93ല്‍ നടന്ന കലാപത്തിലും താക്കറേ നയിച്ച സേന അക്രമം അഴിച്ചു വിടുകയും മത വികാരങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്തു’.

ഇത് മുംബൈ കലാപത്തില്‍ താക്കറെയും ശിവസേനയും വഹിച്ച പങ്കിന്റെ ഒരു ചെറിയ സാമ്പിള്‍ മാത്രം. കലാപത്തിന് ശേഷം അയാള്‍ ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ എന്നറിയപ്പെടാന്‍ തുടങ്ങി. അപ്പോള്‍ ശിവസേനയില്‍ അയാളുടെ അധികാരവും പൂര്‍ണമായി.

താക്കറെയുടെ ‘മണ്ണിന്റെ മക്കള്‍ വാദം, സംവരണം പോലെയുള്ള അടിയാള വര്‍ഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് എതിരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കൊണ്ട് തന്റെ ഒ.ബി.സി വിരുദ്ധതയും അയാള്‍ പ്രകടമാക്കി

ഈ സമയത്ത് ടൈം മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുസ്‌ലിമുകള്‍ക്ക് എതിരായി പ്രകോപനപരമായ അനവധി കാര്യങ്ങള്‍ പറയുക ഉണ്ടായി. മുസ്‌ലിമുകളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന് താക്കറേ പറഞ്ഞു. അവര്‍ മുംബൈ വിട്ടു ഓടിയാല്‍ നന്ന്. ഇല്ലെങ്കില്‍ അവരെ ചവിട്ടി പുറത്താക്കണം എന്നയാള്‍ പറഞ്ഞു.

ഇന്ത്യാ- പാക് സൗഹൃദത്തിനോട് അയാള്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഇന്ത്യാ- പാക് ക്രിക്കറ്റ് മത്സരമായാലും പാക് ഗായകരുടെ ഗസല്‍ നിശ ആയാലും പിച്ച് കുത്തി കുഴിച്ചും സ്‌റ്റേജ് തല്ലി തകര്‍ത്തും അതെല്ലാം താക്കറേ അലങ്കോലപ്പെടുത്തി.

സ്വാധ്വി പ്രഗ്യ ഠാക്കുരിന്റെയും സ്വാമി അസീമാനന്ദിന്റെയും നേതൃത്വത്തില്‍ ഹിന്ദു തീവ്രവാദി സംഘടനകള്‍ വരുന്നതിനും ഏറെ മുന്‍പ് ഹിന്ദുക്കളുടെ സൈന്യം എന്ന ആശയം താക്കറേ മുന്നോട്ട് വെച്ചിരുന്നു. ഹിറ്റ്‌ലറെ ഏറെ ഇഷ്ടപ്പെട്ടിരുന്ന താക്കറേ സ്വയം ഹിറ്റ്‌ലറിന്റെ ഗുണഗണങ്ങളുള്ള ആളായി തന്നെ കണ്ടു. അയാള്‍ ഏകാധിപത്യത്തിലും ജനാധിപത്യത്തിലും വിശ്വസിച്ചു.

താക്കറെയുടെ ‘മണ്ണിന്റെ മക്കള്‍ വാദം, സംവരണം പോലെയുള്ള അടിയാള വര്‍ഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് എതിരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കൊണ്ട് തന്റെ ഒ.ബി.സി വിരുദ്ധതയും അയാള്‍ പ്രകടമാക്കി. ഇത് തുറന്ന് പറഞ്ഞ ഒരേ ഒരാളും ബാല്‍ താക്കറേ തന്നെ.

സംവരണത്തിനോട് എതിര്‍പ്പുള്ള മറ്റൊരു പാര്‍ട്ടി ആയ ബി.ജെ.പി. ഈ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി രാമക്ഷേത്ര പ്രേശ്‌നത്തിലൂന്നി. ഇതുപോലെ ദലിതരുടെ എല്ലാ ആവശ്യങ്ങള്‍ക്കും താക്കറെ എതിരായിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാര്‍ അംബേദ്കറുടെ ‘രിഡില്‍സ് ഓഫ് രാമ ആന്‍ഡ് കൃഷ്ണ’ പ്രസിദ്ധീകരിച്ചപ്പോള്‍ താക്കറേ അതിനെ ശക്തമായി എതിര്‍ത്തു. ഇതിന്റെ പേരില്‍ ശിവസേനയും ദലിതരും തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

മറാത്വാണ്ടാ സര്‍വകലാശാലയുടെ പേര് മാറ്റി അംബേദ്കര്‍ സര്‍വകലാശാല എന്നാക്കാന്‍ തീരുമാനിച്ചപ്പോഴും താക്കറേ അതിനെ എതിര്‍ത്തു. ഇതൊക്കെ ആയിട്ടും ചില ദലിത് പാര്‍ട്ടികള്‍ ഇലക്ഷന്‍ സമയത്ത് ശിവസേനയുമായി സഖ്യം ഉണ്ടാക്കുന്നു എന്നതാണ് ശരിക്കും ദുഖകരം.

താക്കറെയുടെ ശവമടക്കിനു കണ്ട വമ്പിച്ച ജനാവലി കണ്ടിട്ട് അയാളാണ് മറാത്തി മാനുസിന്റെ ശബ്ദം എന്ന് വിലയിരുത്തുന്നവര്‍ ഉണ്ട്. ശരിയാണ്, ഒരു വിഭാഗം മറാത്തികള്‍ അയാളെ ആരാധിച്ചിരുന്നു. പക്ഷെ നല്ലൊരു ശതമാനം കര്‍ഷകരും തൊഴിലാളികളും ദളിതരും അയാള്‍ തങ്ങളുടെ ആവശ്യങ്ങളെ ഒരിക്കലും പരിണിച്ചിരുന്നില്ല എന്ന് മനസിലാക്കുന്നു.

മഹാരാഷ്ട്ര ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി താക്കറേയുടേത് പോലുള്ള  രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഊന്നുന്ന രാഷ്ട്രീയത്തിലേക്ക് ചുവടു മാറേണ്ടതുണ്ട്.

ഹിന്ദു രാജ്യത്തിന്റെയും മറാത്ത മാനൂസിന്റെയും രാഷ്ട്രീയം നമ്മുടെ ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണ്. താക്കറെയുടെ രാഷ്ട്രീയം ഇതിനോടൊക്കെ എങ്ങനെ ചേര്‍ന്ന് നില്‍ക്കുന്നുവെന്നത് ആലോചിക്കേണ്ട വിഷയവുമാണ്.

രാം പുനിയാനിയുടെ ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക് ചെയ്യൂ..

താക്കറെ: പെണ്‍കുട്ടികളുടെ അറസ്റ്റ് ഫാസിസം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കട്ജുവിന്റെ കത്ത്

താക്കറെ: ചോരച്ചാലുകള്‍ ഒഴുകിയ തെരുവിന്റെ അധിപന്‍ !

എന്തുകൊണ്ട് ഞാന്‍ താക്കറെയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നില്ല: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു

 

Advertisement