എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധ്യക്ഷസ്ഥാനം: ഗഡ്കരിക്കെതിരെ മത്സരിക്കുമെന്ന് മഹേഷ് ജത്മലാനി
എഡിറ്റര്‍
Monday 21st January 2013 2:32pm

ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷനായി നിതിന്‍ ഗഡ്ക്കരിക്ക് രണ്ടാമൂഴം നല്‍കിയാല്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മഹേഷ് ജത്മലാനി വ്യക്തമാക്കി.

Ads By Google

ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ജത്മലാനി നിലപാട് വ്യക്തമാക്കിയത്. ഗഡ്കരിക്കെതിരെ ആരും മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ താന്‍ മത്സരത്തിനിറങ്ങുമെന്നാണ് ജത്മലാനി പറഞ്ഞത്.

ഗഡ്ക്കരിയുടെ രണ്ടാമൂഴത്തെ എതിര്‍ത്തതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ മുതിര്‍ന്ന നേതാവ് രാം ജെത്മലാനിയുടെ മകനാണ് അഭിഭാഷകന്‍ കൂടിയായ മഹേഷ് ജെത്മലാനി.

ആദായ നികുതി വകുപ്പിന്റെഅന്വേഷണം നേരിടുന്ന ഗഡ്കരിക്ക് അധ്യക്ഷപദവിയില്‍ വീണ്ടും അവസരം നല്‍കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

നേരത്തെ, മത്സരിക്കുമെന്ന് കരുതിയിരുന്ന സുഷമാ സ്വരാജും രാജ്‌നാഥ് സിങ്ങും ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.  ഇതോടെ ഗഡ്കരി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷയിലായിരുന്നു നേതൃത്വം.

ഗഡ്ക്കരിയെ വീണ്ടും പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മഹേഷ് ജെത്മലാനി നേരത്തെ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗത്വം രാജിവെച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക ക്ഷണിച്ച് ബി.ജെ.പി ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അടുത്തിടെ, ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് പ്രസ്താവന നടത്തിയ രാം ജത്മലാനിയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisement