എഡിറ്റര്‍
എഡിറ്റര്‍
രാം ജെത്മലാനിക്ക് സസ്‌പെന്‍ഷന്‍; ഇന്ന് പാര്‍ലിമെന്ററി ബോര്‍ഡ് യോഗം
എഡിറ്റര്‍
Monday 26th November 2012 7:05am

ന്യൂദല്‍ഹി: ബി.ജെ.പി രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ രാംജത്മലാനിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.സി.ബി.ഐ വിഷയത്തിലെ പാര്‍ട്ടി നിലപാടിനെതിരെ ജെത്മലാനി പരസ്യമായി രംഗത്ത് വന്നതാണ് പെട്ടന്നുള്ള സസ്‌പെന്‍ഷന് കാരണമായത്.

അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും പുറത്താക്കണമോ എന്ന കാര്യം പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ഇന്ന് വൈകീട്ട് യോഗം ചേരും.

Ads By Google

ജത്മലാനി പാര്‍ട്ടിക്ക് പുറത്തേക്ക് എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. അഴിമതി ആരോപിതനായ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഉടന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ജത്മലാനി രംഗത്ത് വന്നിരുന്നു. സി.ബി.ഐ വിഷയത്തിലെ പാര്‍ട്ടി നിലപാടിനെ ജെത്മലാനി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇവയാണ് സസ്‌പെന്‍ഷന് കാരണമായത്.

തനിക്കെതിരെ പാര്‍ട്ടി നിലപാടെടുത്താല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍, അതിന് നട്ടെല്ലുള്ളവരൊന്നും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കകമാണ് ജത്മലാനിയുടെ സസ്‌പെന്‍ഷന്‍.

പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ല. പാര്‍ട്ടിയില്‍ ഞാനൊരു ചെറിയ ആളാണ്. അവരുടെ നടപടി പ്രവചിക്കാന്‍ എനിക്ക് കഴിയില്ല. സത്യം പറയുന്നതില്‍ നിന്ന് എന്നെ വിലക്കാന്‍ ആരേയും അനുവദിക്കില്ല. എന്നായിരുന്നു ജെത്മലാനി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

തന്റെ നിലപാടിനെ മൂന്നുനാലാളുകളെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതീവ സന്തോഷമുണ്ട്. ഈ നിലപാടിനെ അനുകൂലിക്കുന്ന വളരെക്കൂടുതല്‍ ആളുകളുണ്ടെന്ന് ഉറപ്പാണ്. പക്ഷേ, പലര്‍ക്കും സത്യം പുറത്ത് പറയാന്‍ ശേഷിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ ഡയരക്ടരായി രഞ്ജിത് സിന്‍ഹയെ നിയമിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ബി.ജെ.പി വിമര്‍ശിച്ചത് ശരിയായില്ലെന്നാണ് ജെത്മലാനിയുടെ നിലപാട്. രഞ്ജിത് സിന്‍ഹയെ നിയമിച്ചതില്‍ ബി.ജെ.പിയുടെ നിലപാട് കണ്ടപ്പോള്‍ അമ്പരന്ന് പോയെന്ന് നിതിന്‍ ഗഡ്കരിക്കയച്ച കത്തില്‍ ജെത്മലാനി വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള പുര്‍തി ഗ്രൂപ്പില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും മഹാരാഷ്ട്രയില്‍ വന്‍ പദ്ധതികള്‍ക്കായി ഏറ്റെടുത്ത കര്‍ഷകരുടെ ഭൂമി ഗഡ്കരി തട്ടിയെടുത്തുവെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് ആദ്യം ആവശ്യപ്പെട്ടത് രാം ജെത്മലാനിയായിരുന്നു.

പിന്നീട് ഈ നിലപാടിനെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും ജസ്വന്ത് സിങും രംഗത്തെത്തിയതോടെ ശക്തമായ വിമത നീക്കമായി അത് വളര്‍ന്നു. ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ പറഞ്ഞതോടെ ഗഡ്കരി വിഷയത്തില്‍ ആര്‍.എസ്.എസും രണ്ട് തട്ടിലായി.

കഴിഞ്ഞ ദിവസം പാര്‍ട്ടി  എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും പരസ്യമായി രംഗത്തെത്തി.

Advertisement