എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഇനി കേസ് വാദിക്കില്ല; ഇതുവരെ വാദിച്ചതിന്റെ ഫീസ് കെട്ടണം; കെജ്‌രിവാളിന് ജെഠ്മലാനിയുടെ കത്ത്
എഡിറ്റര്‍
Wednesday 26th July 2017 11:36am

ന്യൂദല്‍ഹി: സിവില്‍, ക്രിമിനല്‍ കേസുകളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഇനി ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെഠ്മലാനി. കെജ്‌രിവാളിന്റെ കൗണ്‍സിലില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിച്ച് അദ്ദേഹം കെജ്‌രിവാളിന് കത്തയച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വരുന്ന തന്റെ ഫീസ് എത്രയും പെട്ടെന്ന് നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കത്തിന്റെ വിശദാംശം വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജെഠ്മലാനി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കെജ് രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് വാദത്തിനിടെ ജെയ്‌ല്റ്റിയെ ചതിയന്‍ എന്ന് ജെഠ്മലാനി അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇത്തരം മോശമായ വാക്ക് ജെഠ്മലാനി ഉപയോഗിക്കുകയാണെങ്കില്‍ താന്‍ പുതിയ അഭിഭാഷകനെ തേടുന്ന കാര്യം ആലോചിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞതായി പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Dont Miss വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി; മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍


ഇതിന് പിന്നാലെയാണ് കേസ് നടത്തിപ്പില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിച്ച് ജെ്ഠ്മലാനി കെജ്‌രിവാളിന് കത്ത് നല്‍കിയത്. അതേസമയം കെജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും പിന്‍വാങ്ങുന്നതായി ജെഠ്മലാനി അറിയിച്ചതായി അറിയില്ലെന്ന് കെജ്‌രിവാളിന്റെ ഓഫീസ് പ്രതികരിച്ചു. കേസില്‍ നിന്നും ജെഠ്മലാനി പിന്‍വാങ്ങുന്നതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കെജ് രിവാളിന്റെ ഓഫീസ് പ്രതികരിച്ചു.

കെജ്‌രിവാളിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജെയ്റ്റ്‌ലി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് നടത്തിപ്പിന് കാശില്ലെങ്കില്‍ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി സൗജന്യമായി ഹാജരാകുമെന്ന് രാം ജെഠ്മലാനി അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി ജെയ്റ്റ്ലിയുമായുള്ള മാനനഷ്ടക്കേസില്‍ കെജ്‌രിവാളിന് വേണ്ടി ഹാജരായ വകയില്‍ തനിക്കുള്ള ഫീസ് ഖജനാവില്‍ നിന്നും നല്‍കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജെഠ്മലാനിയുടെ പ്രസ്താവന.

‘അദ്ദേഹത്തിന് പണമില്ലെങ്കില്‍ ഞാന്‍ സൗജന്യമായി കേസ് നടത്തും. എന്നാല്‍ ഫീസ് നല്‍കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നാണ് ബില്ലുകള്‍ അയച്ചത്. അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് എന്റെ കടമയാണെങ്കില്‍ അത് ഞാന്‍ ചെയ്യും. എന്തെന്നാല്‍ ജെയ്റ്റ്ലിക്കെതിരായ പോരാട്ടത്തില്‍ കറകളഞ്ഞ ഒരു ശക്തിയാണ് അദ്ദേഹം”. ഇതായിരുന്നു ജെഠ്മലാനിയുടെ വാക്കുകള്‍.

ഫീസിനത്തില്‍ 3.8 കോടി രൂപയാണ് കെജ്‌രിവാള്‍ രാം ജെഠ്മലാനിക്ക് നല്‍കാനുള്ളത്. ഈതുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കാനുള്ള തീരുമാനത്തിലാണ് കെജിവാള്‍. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പിട്ട് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിക്ക് അയച്ചിരിക്കുകയാണ്.

Advertisement