Categories

ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി.രാംദാസ് അന്തരിച്ചു

ramdas

കോട്ടയം: ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ആദ്യകാല നിയോ റിയലിസ്റ്റിക് സിനിമ ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി.രാംദാസ് (83) അന്തരിച്ചു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തൃശ്ശൂര്‍ പാറമേക്കാവില്‍ നടത്തും.

ഇറ്റാലിയന്‍ നിയോറിയലിസ്റ്റിക് ധാരയെ പിന്‍ തുടര്‍ന്ന് മലയാളത്തില്‍ ആദ്യമായി ഉണ്ടായ സിനിമയാണ് 1955 ല്‍ ഇറങ്ങിയ ന്യൂസ്‌പേപ്പര്‍ ബോയ്. ലോകത്തില്‍ ആദ്യത്തെ വിദ്യാര്‍ഥികള്‍ ഒരുക്കിയ സിനിമയെന്ന റിക്കാര്‍ഡും ന്യൂസ്‌പേപ്പര്‍ബോയ്ക്ക് അവകാശപ്പെട്ടതാണ്. ഇതിന്റെ നിര്‍മ്മാണവും സംവിധാനവും രാംദാസ് തന്നെയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ന്യൂസ്‌പേപ്പര്‍ ബോയ് എടുക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന പേരിലും അന്ന് അദ്ദേഹം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

ന്യൂസ് പേപ്പര്‍ ബോയിയ്ക്ക് പുറമെ നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനം ചെയ്തു. സിനിമയ്ക്കുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2008 ല്‍ അദ്ദേഹത്തിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു.