Categories

സ്‌റ്റെയിന്‍മാന് നൊബേല്‍ ലഭിക്കുക മരണാനന്തര ബഹുമതിയായി

സ്‌റ്റോക്ക്‌ഹോം: രോഗപ്രതിരോധ രംഗത്തു വിപ്ലവകരമായ കണ്ടുപിടിത്തത്തിലൂടെ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട റാല്‍ഫ് സ്‌റ്റെയിന്‍മാന്‍ നൊബേല്‍ ലഭിക്കുക മരണാനന്തര ബഹുമതിയായി. നാലുവര്‍ഷം മുന്‍പ് അര്‍ബുദബാധിതനായ സ്‌റ്റെയ്ന്‍മാന്‍ (68) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. സ്‌റ്റെയ്ന്‍മാന്റെ മരണ വാര്‍ത്ത അറിയാതെയാണ് നൊബേല്‍ സമിതി ഇന്നലെ സ്‌റ്റെയ്ന്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പുരസ്‌കാരം പ്രഖ്യാപിച്ചത്.

കാനഡയില്‍ 1943ല്‍ ജനിച്ച സ്‌റ്റെയ്ന്‍മാന്‍ ഇരുപത്തഞ്ചാം വയസ്സില്‍ യു.എസിലെത്തിയതാണ്. നാലുവര്‍ഷം മുന്‍പ് അര്‍ബുദം ബാധിച്ച സ്‌റ്റെയിന്‍മാന്‍, ഈ കോശങ്ങളെ കേന്ദ്രീകരിച്ചുള്ള ചികില്‍സയിലൂടെയാണ് സ്വന്തം രോഗത്തോട് പൊരുതിയത്. രോഗാണുവിന്റെ ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ളതാണ് ബ്രൂസ് ബ്യൂട്ട്‌ലര്‍, ജൂള്‍സ് ഹോഫ്മാന്‍ എന്നിവരുടെ കണ്ടെത്തല്‍. പ്രതിരോധത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്കു സഹായകമാകുന്ന വൃക്ഷസമാന കോശങ്ങളുടെ കണ്ടുപിടിത്തമാണ് സ്‌റ്റെയിന്‍മാന്റെ സംഭാവന.

അരനൂറ്റാണ്ടിനിടെ മരണാനന്തരം നൊബേല്‍ ലഭിക്കുന്ന ഏകവ്യക്തിയാണു റാല്‍ഫ് സ്‌റ്റെയിന്‍മാന്‍. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലായിരിക്കേ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഡാഗ് ഹാമര്‍ഷോള്‍ഡിനാണ് ഇതിനു മുന്‍പു മരണാനന്തരം നൊബേല്‍ (1961) നല്‍കിയത്. പ്രഖ്യാപനശേഷം മരണം സംഭവിച്ചാലൊഴികെ, മരണാനന്തരം നൊബേല്‍ നല്‍കേണ്ടതില്ലെന്നാണ് 1974ല്‍ പുരസ്‌കാരസമിതി തിരുമാനിച്ചത്.

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പോ അല്ലെങ്കില്‍ പ്രഖ്യാപന ശേഷമോ അറിയിക്കുന്നതാണ് നൊബേല്‍ സമിതിയുടെ പതിവ്. മരണാനന്തരം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ നൊബേല്‍ ഗാന്ധിജിക്കു പോലും നിഷേധിക്കപ്പെട്ടിരുന്നു.

മൊത്തം സമ്മാനത്തുകയായ ഏഴരക്കോടിയോളം രൂപയുടെ പകുതി സ്‌റ്റെയിന്‍മാനാണ്. ബാക്കി പകുതി ബ്യൂട്ട്‌ലറും ഹോഫ്മാനും പങ്കുവെയ്ക്കും. ഡിസംബര്‍ 10നു സ്‌റ്റോക്ക്‌ഹോമിലാണു പുരസ്‌കാരദാനം. പുതിയ സാഹചര്യത്തില്‍ സ്‌റ്റെയിന്‍മാനുള്ള പുരസ്‌കാരവും തുകയും എങ്ങനെ നല്‍കും എന്നതിനെക്കുറിച്ചു നൊബേല്‍ സമിതി പരിശോധിക്കുകയാണ്. എങ്കിലും, പുരസ്‌കാര പ്രഖ്യാപനം പുനഃപരിശോധിക്കാനിടയില്ല.

One Response to “സ്‌റ്റെയിന്‍മാന് നൊബേല്‍ ലഭിക്കുക മരണാനന്തര ബഹുമതിയായി”

  1. Manojkumar.R

    ഈ കണ്ടു പിടുത്തം ഏറെ പ്രാധാന്യമുള്ളതാണ്.മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയുടെ മികവു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു കണ്ടു പിടുതതിലേക്ക് സ്റെയിന്മനെ പോലെയുള്ളവരെ എത്തിച്ചത് എന്നത് സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം.കാരണം മരുന്നുകല്‍ക്കൊന്നിനും ശരീരത്തിനെ ഇത്തരം ഒരു പ്രതിരോധ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല എന്ന് സമ്മതിക്കുക കൂടിയാണ് ഈ കണ്ടുപിടുത്തം അന്ഗീകരിക്കപ്പെടുന്നതിലൂടെ വെളിവാകുന്നത്.ഇത്രയേറെ മികവേറിയ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് എങ്ങിനെ അതിന്റെ ജോലി നിര്‍വഹിക്കാന്‍ കഴിയതതെയവുന്നു എന്നാ ചോദ്യം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.ഈ വിഷയത്തെ കുറിച്ച് മെഡിക്കല്‍ രംഗത്ത്‌ ആത്മര്തമായ ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രം എന്താണ് ചെയ്യുന്നതെന്ന് ഭോധ്യപ്പെടുകയുള്ളൂ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.