മലപ്പുറം: രാജ്യസഭ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംഘം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. എ കെ ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയും കാണും. ചര്‍ച്ചകള്‍ക്കായി സംഘം ഉടന്‍ ദല്‍ഹിക്ക് തിരിക്കും.

രാജ്യ സഭയില്‍ ലീഗിന് പ്രാതിനിധ്യമില്ലാത്ത സ്ഥിതി അണികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ലീഗിന് പിന്നീടൊരിക്കലും രാജ്യസഭാ പ്രാതിനിധ്യം ലഭിക്കില്ല. ചരിത്രപരമായി പ്രാധാന്യമുള്ളലാണ് ലീഗിന് രാജ്യസഭാ സീറ്റ്. ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.