ന്യൂദല്‍ഹി: ചരിത്ര നിമിഷം യാഥാര്‍ഥ്യമായി. വനിതകള്‍ക്ക് പാര്‍ലിമെന്റില്‍ 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ രാജ്യ സഭ പാസാക്കി. 186 വോട്ടുകള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്തു. ആദ്യം ശബ്ദവോട്ടോടെയാണ് അംഗങ്ങള്‍ ബില്‍ പാസാക്കിയത്. എന്നാല്‍ ചരിത്രപരമായ പ്രധാന്യമുള്ള ബില്ലായതിനാല്‍ അധ്യക്ഷന്‍ ഡിവിഷന്‍ വോട്ടിന് നിര്‍ദേശിക്കുകയായിരുന്നു.

രാജ്യത്ത് 108ാമത്തെ ഭരണഘടനാ ഭേദഗതിയായാണ് വനിതാബില്‍ അവതരിപ്പിക്കപ്പെട്ടത്. വൈകീട്ട് 6.45ഓടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്.

1996ല്‍ ലോകസഭയില്‍ അവതരിപ്പിച്ച ബില്‍ 2007ലും 2008ലും ലോകസഭയില്‍ വന്നെങ്കിലും പാസാക്കാനാകാതെ ലാപ്‌സാകുകയായിരുന്നു. ഇനി ലോകസഭയില്‍ കൂടി ബില്‍ അവതരിപ്പിച്ച് പാസാക്കിയ ശേഷമായിരിക്കും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെക്കുക.