ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ പാസ്സായി. 17നെതിരെ 189 വോട്ടുകള്‍ക്കാണ് രാജ്യസഭ പ്രമേയം പാസ്സാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സിറ്റിംഗ് ജഡ്ജിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന രാജ്യസഭയില്‍ ഇംപീച്ചമെന്റ് പ്രമേയം പാസ്സാക്കുന്നത്.

ലോക്‌സഭ കൂടി പരിഗണിച്ച ശേഷമേ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാവൂ. ലോക്‌സഭ അടുത്ത ആഴ്ച പ്രമേയം പരിഗണിക്കും. ലോകസഭ കൂടി പാസ്സാക്കിയാല്‍ സ്വതന്ത്ര ഇന്ത്യയില്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ ഇംപീച്ച് ചെയ്ത പുറത്താക്കപ്പെടുന്ന ആദ്യ ന്യായാധിപനാവും സെന്‍.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് സെന്നിന് സംസാരിക്കാന്‍ അവസരം നല്‍കി. ഒന്നരമണിക്കൂറിലേറെ സംസാരിച്ച സെന്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിച്ചത്.

തുടര്‍ന്ന് ഇന്ന് നടന്ന വോട്ടെടുപ്പില്‍ 189 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 17 പേര്‍ എതിര്‍ത്ത് വോട്ട ചെയ്തു. കോണ്‍ഗ്രസ്, ബിജെപി, ഇടത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ ബിഎസ്പി പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. സെന്നിനെതിരായ ആരോപണങ്ങള്‍ വ്യക്തമായി തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കാവൂ എന്നായിരുന്നു ബിഎസ്പിയുടെ നിലപാട്.

ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന രണ്ടാമത്തെ ജഡ്ജിയാണ് സെന്‍. ഇതിനു മുമ്പ് സുപ്രീംകോടതിയിലെ ജസ്റ്റിസായിരുന്ന വി രാമസ്വാമിയെ 1993 ല്‍ കുറ്റവിചാരണ നടത്തിയിരുന്നുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ്സ് വിട്ടുനിന്നതിനാല്‍ കുറ്റവിചാരണ പൂര്‍ത്തീകരിക്കപ്പെടാതെ പോവുകയായിരുന്നു.

പശ്ചിമബംഗാളില്‍ അഭിഭാഷകനായിരിക്കെ രണ്ട് പൊതുമേഖലാ കമ്പനികളുടെ തര്‍ക്കത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം റിസീവറായി ചുതമലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തി എന്നതാണ് സെന്നിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.