തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട്  ഇടതുമുന്നണി എം.എല്‍.എമാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഓര്‍ഡിനന്‍സ് വാഴ്ചയാണ് യു.ഡി.എഫ് സര്‍ക്കാരിന്റേതെന്ന് വി.എസ് കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ സത്രീവിരുദ്ധ സമീപനമാണ് ഓര്‍ഡിനന്‍സില്‍ കാണുന്നത്.

Ads By Google

സര്‍വകലാശാലകളില്‍ ഏകാധിത്യപരമായ തെരഞ്ഞെടുപ്പുകളാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കി ഓര്‍ഡിനന്‍സുവഴി സര്‍വകലാശാലകളില്‍ സര്‍ക്കാരിന് ഇഷ്ടമുള്ളവരെയാണ് നിയമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

രാവിലെ പതിനൊന്ന് മണിയ്ക്ക് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവനില്‍ മുന്നിലെത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം നിര്‍വഹിച്ചത്.

എം.എല്‍.എമാര്‍ ഇപ്പോള്‍ രാജ്ഭവനുമുന്നില്‍ ധര്‍ണ്ണ നടത്തുകയാണ്. എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കും. ഗവര്‍ണര്‍ ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. എംഎല്‍എമാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് ദേവസ്വം ഓര്‍ഡിനന്‍സെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

ഓര്‍ഡിനന്‍സ് പിന്‍വലിക്കും വരെ സമരം തുടരാനാണ് എല്‍ഡിഎഫ് തീരുമാനം. ഈ മാസം 12ന് എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.
ദൈവവിശ്വാസിയെന്ന് സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞടുക്കാന്‍ വോട്ടുചെയ്യാനാകൂ എന്നാണ് പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.