ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്നിന്റെ കുറ്റവിചാരണ രാജ്യസഭയില്‍ ആരംഭിച്ചു. രാജ്യസഭക്ക് മുന്നാകെ വിശദീകരണം നല്‍കവെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷണനെതിരെ സെന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.

തനിക്കെതിരെ പരാതിപ്പെട്ട് കെജിബി പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ ദുരൂഹതയുണ്ടെന്നും കെജിബി ഒരേസമയം പരാതിക്കാരനും വാദിയും ന്യായാധിപനുമായെന്നും കുറ്റവിചാരണക്കിടെ ജസ്റ്റീസ് സൗമിത്ര സെന്‍ ആരോപിച്ചു. ജഡ്ജി എന്ന നിലയിലുള്ള തന്റെ വിശ്വാസതയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും 2003 മുതല്‍ 2006 വരെ തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സെന്‍ രാജ്യസഭക്ക് മുന്നാകെ വിശദീകകരിച്ചു.

രാജ്യസഭയിലെ അംഗങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നിയമത്തിന് മുന്നില്‍ താന്‍ നിരപരാധിയാണെന്നും അത്‌കൊണ്ടാണ് അഭിഭാഷകനെ നിയമിക്കാതെ താന്‍ സ്വയം വാദിക്കുന്നതെന്നും സെന്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ജഡ്ജിയെ രാജ്യസഭയില്‍ ഇംപീച്ച് ചെയ്യുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.  സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു.

ഒന്നരമണിക്കൂറായിരുന്നു സെന്നിന് വിശദീകരണ്ത്തിന് സമയം അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സെന്നിന്റെ ആവസ്യം സഭ അംഗീകരിച്ചു. സെന്നിന്റെ വിശദീകരത്തിന് ശേഷം അംഗങ്ങള്‍ ചര്‍ച്ച നടത്തും.  തുടര്‍ന്ന സീതാറാം യെച്ചൂരിയുടെ മറുപടി പ്രസംഗത്തിന് ശേഷമായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. വോട്ടെടുപ്പില്‍ മൂന്നില്‍ ഒന്ന് ഭൂരിപക്ഷം കിട്ടിയാന്‍ സെന്നിനെ ജഡ്ജ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും.

ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന രണ്ടാമത്തെ ജഡ്ജിയാണ് സെന്‍. ഇതിനു മുമ്പ് സുപ്രീംകോടതിയിലെ ജസ്റ്റിസായിരുന്ന വി രാമസ്വാമിയെ 1993 ല്‍ കുറ്റവിചാരണ നടത്തിയിരുന്നുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ്സ് വിട്ടുനിന്നതിനാല്‍ കുറ്റവിചാരണ പൂര്‍ത്തീകരിക്കപ്പെടാതെ പോവുകയായിരുന്നു.

പശ്ചിമബംഗാളില്‍ അഭിഭാഷകനായിരിക്കെ രണ്ട് പൊതുമേഖലാ കമ്പനികളുടെ തര്‍ക്കത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം റിസീവറായി ചുതമലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തിയന്ന കേസിലാണ് രാജ്യസഭയില്‍ കുറ്റവിചാരണ നേരിടുന്നത്.