എഡിറ്റര്‍
എഡിറ്റര്‍
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തര്‍ക്കം
എഡിറ്റര്‍
Monday 25th June 2012 9:48am

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ പരാതിയുമായി എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയെന്നാണ് പരാതി. വി.കെ ഇബ്രാഹിം കുഞ്ഞും റോഷി അഗസ്റ്റിനും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതാണ് വിവാദത്തിന് ഇടയാക്കിയത്.

എല്‍.ഡി.എഫ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. കെ. അജിത് എം.എല്‍.എ യ്‌ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്.
യു.ഡി.എഫിന്റെ പി.ജെ. കുര്യന്‍, ജോയ് എബ്രഹാം,, എല്‍.ഡി.എഫിന്റെ സി.പി. നാരായണന്‍, സി.എന്‍.ചന്ദ്രന്‍ എന്നിവരാണ് മല്‍സരരംഗത്ത്. ഇന്നു രാവിലെ ഒന്‍പതുമുതല്‍ നാലുവരെ നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണല്‍ തുടങ്ങും.  36 വീതം വോട്ടുകിട്ടുന്ന മൂന്നുപേര്‍ എം.പിമാരാകും.

ആര്‍. സെല്‍വരാജിലൂടെ നെയ്യാറ്റിന്‍കര സി.പി.ഐ.എമ്മില്‍ നിന്ന് പിടിച്ചെടുത്തതോടെ, നിയമസഭയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കക്ഷിനില 73 ആണ്. അതുകൊണ്ടുതന്നെ പി.ജെ. കുര്യനും ജോയ് എബ്രഹാമിനും 36 ഫസ്റ്റ് വോട്ടുകള്‍ യു.ഡി.എഫിന് ഉറപ്പിക്കാനാകും.

നിയമസഭയില്‍ യു.ഡി.എഫിന് 73ഉം എല്‍.ഡി.എഫിന് 67 ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. അതിനാല്‍ യു.ഡി.എഫില്‍നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് 72 പേര്‍ക്കുമാത്രമാണു വോട്ടുള്ളത്.

ബാലറ്റുപേപ്പറില്‍ അറബിക് അക്കത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള പ്രാധാന്യക്രമം രേഖപ്പെടുത്തുകയാണ് വേണ്ടത്. ഇംഗ്ലീഷില്‍ അക്കത്തിലെഴുതുകയോ മറ്റെന്തെങ്കിലും അടയാളമിടുകയോ ചെയ്താല്‍ വോട്ട് അസാധുവാകും. നാലുസ്ഥാനാര്‍ഥികളുടെയും പ്രാധാന്യക്രമം രേഖപ്പെടുത്താം.

ആദ്യഘട്ടം വോട്ടെണ്ണുമ്പോള്‍ ജയിക്കാനാവശ്യമായ ഒന്നാം വോട്ട് ലഭിക്കാതെ വന്നാല്‍ രണ്ടാം വോട്ട് എണ്ണും. രഹസ്യബാലറ്റിലൂടെയാണു വോട്ടെടുപ്പു നടത്തുന്നത്. എന്നാല്‍, സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കാണു വോട്ടു ചെയ്തതെന്ന് ഏജന്റിനെ കാണിക്കണം.

Advertisement