Categories
boby-chemmannur  

ഇത് ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെമേലുള്ള ആധിപത്യം

എബി.ജെ.ജോസ്

ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ കഴിവിലോ കേന്ദ്രപ്രതിരോധമന്ത്രി ഏ.കെ. ആന്റണിയുടെ ജനസമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാവാനിടയില്ല. റിസര്‍വ്വ്ബാങ്കിന്റെ മുന്‍ഗവര്‍ണറായിരുന്ന മന്‍മോഹന്‍സിംഗിന്റെ ഭരണകാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാതിരുന്ന ഏ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്.

ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയുടെ തലവനായ മന്‍മോഹന്‍സിംഗ് ‘ജനമറിയാതെ’യാണ് മുമ്പ് അഞ്ചുവര്‍ഷം ഭരിച്ചത്. എന്നുവച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത പ്രതിനിധി അഥവാ രാജ്യസഭാംഗമായിട്ടാണ് അധികാരത്തിലേറി ഭരണം നടത്തിയത്. ഇപ്പോഴുമത് തുടരുന്നു.

കഴിഞ്ഞ തവണ മന്‍മോഹന്‍സിംഗിന്റെ 79 അംഗ മന്ത്രിസഭയിലെ 23 പേര്‍ ജനപ്രതിനിധികളായിരുന്നില്ല. ജനപ്രതിനിധിയാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവായിരുന്നു ശിവരാജ് പാട്ടീല്‍. ഇദ്ദേഹത്തിനു അഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയാണ് ജനാധിപത്യത്തെ അവഹേളിച്ചത്. പി.എം. സെയ്ദിനെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയിട്ടും രാജ്യസഭയിലൂടെ കൊണ്ടുവന്ന് ഊര്‍ജ്ജവകുപ്പുമന്ത്രിയാക്കുകയും ചെയ്തിരുന്നു.

ഇവര്‍ക്കുപുറമെ അര്‍ജുന്‍സിംഗ്, സുശീല്‍കുമാര്‍ ഷിന്‍ഡേ, എച്ച്.ആര്‍. ഭരദ്വാജ്,  ഡോ. അന്‍പുമണി രാംദാസ്, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രൊഫ.സൈഫുദ്ദീന്‍ സോസ്, പ്രേംചന്ദ് ഗുപ്ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത കാബിനറ്റ് മന്ത്രിമാരും ഓസ്‌ക്കര്‍ ഫെര്‍ണാണ്ടസ്, ജി.കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും സുരേഷ് പച്ചൗരി, ഡോ.ദാസരി നാരായണറാവു, എം.വി. രാജശേഖരന്‍, പൃഥ്വിരാജ് ചൗഹാന്‍, ഡോ. സുബ്രഹ്മണ്യം റെഡ്ഢി, ആനന്ദ് ശര്‍മ്മ, ഡോ. അഖിലേഷ് ദാസ്, ജയറാം രമേശ്, അശ്വനികുമാര്‍ എന്നിവര്‍ സഹമന്ത്രിമാരുമായിരുന്നു.

ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്. ജനാധിപത്യഭരണക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യരാഷ്ട്രമാണ്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പുപ്രക്രിയയിലൂടെയാണ് ഇന്ത്യയില്‍ ജനപ്രതിനിധികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാര്‍ലമെന്റ- നിയമസഭ – ജില്ലാപഞ്ചായത്ത- മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ – ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണസമിതികള്‍ അധികാരത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി.

ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കിക്കാണാറുള്ളത്. വിവിധ ദേശ-ഭാഷാ-വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെയൊക്കെ പേരിലും ജനാധിപത്യത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ് നാം.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത് പക്ഷേ ജനാധിപത്യഭരണക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചുകാലം മുമ്പ് വരെയും. എന്നാലിന്ന് ഇന്ത്യയില്‍ ജനാധിപത്യമെന്നത് ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

പ്രസിഡന്‍ഷ്യല്‍ ഭരണക്രമമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെനേരിട്ട് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. പാര്‍ലമെന്ററി ഭരണസംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത് പ്രധാനമന്ത്രിയാക്കുകയായിരുന്നു ചെയ്തു വന്നിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ദേവഗൗഡ, പി.വി. നരസിംഹറാവു തുടങ്ങിയവരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാനമന്ത്രി പദം അലങ്കരിച്ചവരാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടയാളല്ല. രാജ്യസഭ എന്ന പിന്‍വാതിലിലൂടെ അധികാരത്തിലേറുകയായിരുന്നു. മാത്രമല്ല വോട്ടുചെയ്യാന്‍ വിമുഖതയുള്ള വ്യക്തികൂടിയാണ് മന്‍മോഹന്‍ സിംഗ്.

ഇന്ത്യന്‍ പാര്‍ലമെന്റ് എന്നത് പ്രസിഡന്റും ലോക്‌സഭയും രാജ്യസഭയും ചേര്‍ന്നതാണ്. ഇതില്‍ ലോക്‌സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. രാജ്യസഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടുന്നവരാണ്. എന്നാല്‍ വക്രബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാരമോഹികള്‍ രാജ്യസഭയെ അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി മാറ്റിയിരിക്കുന്നു. രാജ്യസഭയില്‍ നിന്നുള്ളവര്‍ അധികാരത്തിലേറെരുതെന്നഴുതി വയ്ക്കാത്ത ചെറിയ പിഴവ് വലിയൊരു പഴുതാക്കി മാറ്റിയിരിക്കുകയാണ്.

ഇവര്‍ പ്രഗത്ഭമതികളെന്നാണ് വാദം. എത്ര പ്രഗത്ഭരാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജനഹിതമറിയാത്തവരും ഭരണാധികാരികള്‍ ആകുന്നത് ഉചിതമല്ല. അതു ജനാധിപത്യത്തിനു കളങ്കം തന്നെയാണ്. അതുപോലെ തന്നെ മന്ത്രി ആയിട്ട് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധിപത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ? തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.ഐ. നേതാവ് കെ.ഇ. സ്മായിലിനെ രാജ്യസഭാംഗമാക്കിയതും നീതീകരിക്കാനാവുകയില്ല.

മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പിച്ചിരിക്കുന്നത് അധികാര കൊതിമൂത്ത ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വങ്ങളാണ്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.

പ്രസിഡന്‍ഷ്യല്‍ ഭരണമല്ലാത്തതിനാല്‍ പ്രസിഡന്റിനെതെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. വൈസ് പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത, ജനപ്രതിനിധിയല്ലാത്ത മന്‍മോഹന്‍സിംഗ്  പ്രധാനമന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയ ശിവരാജ് പാട്ടീല്‍ അഭ്യന്തരമന്ത്രിയായി!! ജനവിധിയെ പേടിയുള്ള മറ്റുള്ളവര്‍ രാജ്യസഭയിലൂടെ മന്ത്രിമാരാകുന്നു!!!

ഇപ്പോഴത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടക്കം 14 കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടാതെ ജനവിധി തേടാതെ ജനങ്ങളെ ഭരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി ഏ.കെ. ആന്റണി, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ് മന്ത്രി വിലാസ് റാവ് ദേശ്മുഖ്, ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, അംബികാ സോണി, വ്യവസായ വകുപ്പു മന്ത്രി ആനന്ദ് ശര്‍മ്മ, ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍, ഗ്രാമവികസന വകുപ്പ് മന്ത്രി ജയറാം രമേശ്, വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍, ഷിപ്പിംഗ് സഹമന്ത്രി മുകുള്‍ റോയി, പ്ലാനിംഗ് മന്ത്രി അശ്വനികുമാര്‍, പാര്‍ലമെന്ററി കാര്യവകുപ്പു മന്ത്രി രാജീവ് ശുക്ല എന്നീ  മന്ത്രിമാരും ജനവിധി തേടാതെ ജനങ്ങളെ ഭരിക്കുന്നത്.

പ്രധാനസ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്. ഈ ജനാധിപത്യമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. ഏതു രാഷ്ട്രീയപാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധിപത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ ജനത കരുത്തുത്തുകാട്ടേണ്ടിയിരിക്കുന്നു.

ലേഖകന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനാണ്

മൊബൈല്‍ : 9447702117,e-mail:ebyjjose@gmail.com
www.ebyjjose.com

Malayalam News

Kerala News in Englishഹീറോ ഇലക്ട്രിക്കിന്റെ ഇ-സൈക്കിള്‍ വിപണിയില്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്, അതിന്റെ ആദ്യത്തെ ഇ-സൈക്കിള്‍ 'ഏവിയര്‍'  വിപണിയിലിറക്കുന്നു.പ്രധാനമായും യുവ കോര്‍പറേറ്റ് ഉദ്യോഗസ്ഥന്‍മാരെ ലക്ഷ്യമിട്ടാണ് ഇ-സൈക്കിള്‍ ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കുവേണ്ടി 19,290 രൂപ വില വരുന്ന എ.എം.എക്‌സ് (AMX), സ്ത്രീകള്‍ക്കു വേണ്ടി 18,990 രൂപ വില വരുന്ന എ.എഫ്.എക്‌സ് (AFX) എന്നിങ്ങനെ രണ്ടു വ്യത്യസ്ത രൂപങ്ങളിലാണ് ഇ-സൈക്കിള്‍ പുറത്തിറങ്ങുന്നത്. രണ്ടു മോഡലുകളും ഇന്ത്യയിലെ അഞ്ച് മെട്രോപൊളിറ്റന്‍ സിറ്റികളിലായാണ് വില്‍പനക്കെത്തിച്ചിരിക്കുന്നത്. അലോയ് വീലുകള്‍, ഡിറ്റാച്ചബിള്‍ ബാറ്ററി ബോക്‌സ്, ബാറ്ററി ഒന്നിച്ചുള്ള ടെയില്‍ ലാമ്പ്, എല്‍.ഇ.ഡി ഹെഡ് ലാമ്പ്,  സൗകര്യത്തിനനുസരിച്ചി മാറ്റങ്ങല്‍ വരുത്താവുന്ന സീറ്റ്, ഇല്ക്ട്രിക് ഹോണ്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് രണ്ട് ഏവിയര്‍ ഇ-സൈക്കിളുകളിലും സജ്ജീകരിച്ചിരിക്കുന്നത്. എ.എം.എക്‌സില്‍ 6-സ്പീഡ് ഷിമാനോ ഗിയറും മുന്നില്‍ ഇലക്ട്രോണിക് ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം എ.എഫ്.എക്‌സിനു മുന്നില്‍ ലോഹത്തില്‍ തീര്‍ത്ത ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മോഡലുകളിലും 9 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററികളാണ് ഘടിപ്പിച്ചിരിക്കുന്നത്. അധവാ ചാര്‍ജ്ജ് തീരുകയാണെങ്കില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാനുള്ള പെഡലുകളും ഇതിനുണ്ട്. 'പരിസ്ഥിതി സൗഹൃദമായ ഈ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഇന്ത്യന്‍ ഇലക്ട്രോമിക് വാഹന വിപണിയില്‍ രാജ്യത്തെ ഹരിത സൗഹാര്‍ദ്ദവുമായി ഒത്തുപോവുന്ന തരം സവിശേഷമായ ഉല്‍പന്നങ്ങള്‍ ഇനിയും കൊണ്ടുവരും.' ഹീറോ ഇക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നവീണ്‍ മുഞ്ചല്‍ പറഞ്ഞു.

അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ

കൊളംബോ: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ.  2011ല്‍ ശ്രീലങ്കന്‍ നാവികസേനയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ശ്രീലങ്കക്കാര്‍ക്കും അഞ്ച്് ഇന്ത്യക്കാര്‍ക്കുമാണ് കൊംളംബോ ഹൈക്കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നവംബര്‍ 14 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി പ്രീതി പദ്മന്‍ സുരസേനയാണ് വിധി പ്രസ്താവിച്ചത്. 2011ല്‍ വടക്കന്‍ ജാഫ്‌ന തീരത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റുചെയ്തത്. ഹെറോയിന്‍ കടത്തിയെന്ന് ആരോപിച്ചായിരുന്നു ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധിക്കെതിരെ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. മത്സ്യത്തൊഴിലാഴികളുടെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയുമായി ചര്‍ച്ചകള്‍ നടത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. സംഭവം ഗൗരവമായി പരിഗണിക്കുമെന്നും വിധി റദ്ദാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി.സെ് ആവശ്യപ്പെട്ടു. 4 സ്റ്റാര്‍, ഹെറിറ്റേജ് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നല്‍കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മദ്യനയത്തില്‍ തിരുത്തലുകള്‍ വേണമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഐ.ടി, ടൂറിസം മേഖലകളെ പരിഗണിച്ചുകൊണ്ടുള്ള തിരുത്തലിനാണ് സര്‍ക്കാര്‍ തയാറാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയ കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു അറിയിച്ചു. കേസില്‍ സര്‍ക്കാരിന് ഉജ്വല വിജയമാണ് ലഭിച്ചിരിക്കുന്നതെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനതാത്പര്യം പ്രതിഫലിപ്പിക്കുന്ന വിധി: വി.എം സുധീരന്‍

കൊച്ചി: മദ്യനയത്തില്‍ ജനതാത്പര്യം പ്രതിഫലിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വിധി കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ സുപ്രധാനമായ ഘട്ടം പിന്നിട്ടിരിക്കുകയാണ്. കോടതി വിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്നും ഫോര്‍സ്റ്റാര്‍ ബാറുകളും നിരോധനത്തിന്റെ പരിധിയില്‍ വരുത്തണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരവും നയപരവുമായ കാര്യങ്ങള്‍ക്ക് പുറമെ ജനങ്ങളുടെ പിന്തുണയോടെ സമ്പൂര്‍ണ്ണ മദ്യനിരോധം യാഥാര്‍ത്ഥ്യമാക്കാന്‍ കോടതി വിധി സര്‍ക്കാരിന് പ്രചോദനമായെന്നും അദ്ദേഹം അറിയിച്ചു. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. അതേസമയം കോടതി വിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മദ്യനയത്തിന് ഭാഗിക അംഗീകാരം മാത്രമാണ് ലഭിച്ചതെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമാണെന്നും വിധി പഠിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.