ന്യൂദല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലോക്പാല്‍ ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. ലോക്പാല്‍ ബില്‍ വോട്ടിനിടാന്‍ സമയമില്ലെന്ന് പറഞ്ഞ് സഭ പിരിയുകയായിരുന്നു. അതേസമയം, വോട്ടിനിട്ടാല്‍ ബില്‍ പരാജയപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ബില്‍ വോട്ടിനിടാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബില്ലിലെ ഭേദഗതികള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് സമയം വേണമെന്ന് കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ സഭയില്‍നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Subscribe Us:

ലോക്പാല്‍ ബില്ലിന്‍മേല്‍ രാജ്യസഭയില്‍ രാവിലെ 11 മണിക്ക് തുടങ്ങിയ ചര്‍ച്ച രാത്രി 11.30വരെ നീണ്ടു. ഈ സമയത്ത് തന്നെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത യു.പി.എ വോട്ടിംഗ് ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനാല്‍ 12 മണിവരെ സമയം അനുവദിക്കണമെന്ന് ബി.ജെ.പി, ഇടത്, എ.ഐ.ഡി.എം.കെ നേതാക്കള്‍ രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വ്യക്തമായ മറുപടി നല്‍കാതെ അന്‍സാരി 11.30ഓടുകൂടി സഭാപിരിയുന്നതായി അറിയിക്കുകയായിരുന്നു.

അതിനിടെ, ബില്ലില്‍ ചര്‍ച്ച അവസാനിച്ചശേഷം മന്ത്രി നാരായണ സ്വാമി മറുപടി പറയാന്‍ ആരംഭിച്ചപ്പോള്‍ ആര്‍.ജെ.ഡി അംഗങ്ങളായ രാജ്‌നീതി പ്രസാദ്, റാം കൃപാല്‍ യാദവ് എന്നിവര്‍ ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട പേപ്പറുകള്‍ സഭയില്‍ കീറിയെറിഞ്ഞു. ന്യൂനപക്ഷ സംവരണത്തെച്ചൊല്ലി സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ബി.എസ്.പി അംഗങ്ങളും സഭയില്‍ ബഹളം വച്ചു. ബഹളത്തെത്തുടര്‍ന്നു രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

205 ഭേഗഗതികളാണ് സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ലോകായുക്ത രൂപീകരിക്കാനുള്ള വകുപ്പ് ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Malayalam News

Kerala News in English