ന്യൂദല്‍ഹി: മൂന്നാറില്‍ എലികളെപ്പിടിക്കാന്‍ കഴിഞ്ഞ വി.എസ് സര്‍ക്കാര്‍ അയച്ച പൂച്ചകളിലൊരാളായിരുന്നു രാജുനാരായണസ്വാമി ഐ.എ.എസ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും റിസോര്‍ട്ട് മാഫിയയുടെ ഇടപെടലുകളെത്തുടര്‍ന്നും പൂച്ചകള്‍ക്ക് പാതിവഴിയില്‍ വെച്ച് ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നത് ചരിത്രം. ഏല്‍പ്പിച്ച ജോലി യാതൊരു പക്ഷപാതവും കൂടാതെ ചെയ്തു തീര്‍ക്കുന്നതാണ് നാരായണസ്വാമിയുടെ രീതി. അതു തന്നെയാണ് മൂന്നാറില്‍ അദ്ദേഹത്തിന് വിനയായതും.

എഴുതിയ പരീക്ഷകളെല്ലാം ഒന്നാം റാങ്കില്‍ ജയിച്ച സ്വാമി ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് നേട്ടം കുറിച്ചിരിക്കയാണ്. 10 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് രാജുനാരായണ സ്വാമി റെക്കോര്‍ഡിട്ടിരിക്കുന്നത്.

വാഷിങ്ടണിലെ ഗ്ലോബല്‍ ഫാക്കല്‍ട്ടി ഫോര്‍ ഡിസാസ്റ്റര്‍ റിഡക്ഷന്‍ ആന്റ് റിക്കവറിയുമായി സഹകരിച്ച് ന്യൂദല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളാണ് രാജു നാരായണസ്വാമി പൂര്‍ത്തിയാക്കിയത്.

 

10 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിജയിക്കുന്ന ആദ്യത്തെ ഓള്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസറാണ് ഇദ്ദേഹം. 1991ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് രാജു നാരായണ സ്വാമി. 23 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച രാജു നാരായണ സ്വാമിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1989ല്‍ ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയ തലത്തില്‍ രാജുനാരായണസ്വാമി പ്രശസ്തനായത്. പിന്നീട് വി.എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാര്‍ ദൗത്യസംഘത്തിലെ അംഗമായതോടുകൂടി അദ്ദേഹം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. ഇടുക്കി ജില്ലാ കലക്ടറായി ചുമതലയേറ്റ അദ്ദേഹത്തെ പിന്നീട് മൂന്നാം ഒഴിപ്പിക്കലിന് ആക്കംകൂട്ടാനെന്ന പേരില്‍ സംഘത്തില്‍ നിന്നും മാറ്റുകയായിരുന്നു.

Malayalam News

Kerala News in English