രജനി ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ചികിത്സയ്ക്കുവേണ്ടി സിംഗപ്പൂരിലേക്ക് പോയ രജനി തിരിച്ചെത്തുന്നു. ആരോഗ്യം വീണ്ടെടുത്ത രജനി നാളെ ചെന്നൈയിലെത്തും. നാളെ രാത്രി 10.45ന് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ രജനിയും കുടുംബാംഗങ്ങളുമുണ്ടാകും.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്  ഒന്നരമാസത്തോളമായി രജനി ചികിത്സയിലായിരുന്നു. ചെന്നൈയിലും പിന്നീട് സിംഗപൂരിലുമായി ചികിത്‌സകള്‍ പൂര്‍ത്തിയാക്കി രജനി തിരികെയെത്തുകയാണ്. ഡോക്ടര്‍മാര്‍ രജനിയുടെ ആരോഗ്യത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ആരാധകരുടെ പ്രാര്‍ത്ഥനയും മികച്ച ഡോക്ടര്‍മാരുടെ സേവനവുംമൂലം രജനി വേഗം സുഖംപ്രാപിച്ചു.

തന്റെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥനകളും പൂജകളും നടത്തിയ ആരാധകരോട് രജനി നേരത്തെ നന്ദി പറഞ്ഞിരുന്നു. സുഖംപ്രാപിച്ചാല്‍ എത്രയും വേഗം നാട്ടില്‍തിരിച്ചെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രജനി വാക്കുപാലിച്ചിരിക്കുകയാണ്.

രജനിയുടെ മടക്കവാര്‍ത്ത കോളിവുഡിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. രജനിയുടെ രോഗത്തെ തുടര്ന്ന് മുടങ്ങിയ റാണയുടെ ചിത്രീകണം ഉടന്‍ വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിനാലാണ് അണിയറ പ്രവര്‍ത്തകര്‍. രജനിയുടെ മടങ്ങിവരില്‍ വന്‍മുതല്‍മുടക്കിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്.

റാണയുടെ ഷൂട്ടിംങ്ങിനിടെയായിരുന്നു രജനിക്ക് രോഗം വന്നത്. തുടര്‍ന്നാണ് ചികിത്‌സയ്ക്ക് വിധേയനായത്. കഴിഞ്ഞ ദിവസം റാണയിലെ നായിക ദീപിക പദുക്കോണിനെയും രജനി വിളിച്ചിരുന്നു. കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം സെപ്റ്റംബറോടെയാവും രജനി ഷൂട്ടിംഗിനായി എത്തുക.