ആരാധകരുടെ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ച്‌കൊണ്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് സിംഗപ്പൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി. ബുധനാഴ്ച രാത്രി 10:20 ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ രജനിയെ കാത്ത് ആയിരങ്ങളാണ് വിമാനത്താവളത്തിലും നിരത്തിലുമെത്തിയത്.

Subscribe Us:

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ രജനിയെ വെള്ളി വാള്‍ നല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റും അണിഞ്ഞാണ് രജനിയെത്തിയത്. വിമാനമിറങ്ങിയ രജനി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. രജനയുടെയും ഭാര്യയുടേയും പടങ്ങള്‍ പതിച്ച പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ആരാധകര്‍ രജനിക്ക് ചുറ്റും കൂടി.

തനിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആരാധകരോട് ഒരു ജന്‍മം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു എന്ന് രജനി പറഞ്ഞു. ഭാര്യ ലത, മക്കള്‍ ഐശ്വര്യ, സംഗീത എന്നിവര്‍ക്കൊപ്പമാണ് രജനി സിംഗപ്പൂരില്‍ നിന്ന് മടങ്ങിയത്. രജനി വരുന്നതിനാല്‍ വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.

അവിടെനിന്നും പ്രത്യേക ബസില്‍ ആറാം നമ്പര്‍ കാര്‍ഗോ ഗേറ്റിലെത്തിയ രജനിയെ അവിടെയും ആരാധകര്‍ വളഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയ തങ്ങളുടെ മന്നനെ ഒരു നോക്കുകാണാനായി ബസിന് ചുറ്റുംകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.

അവിടെ നിന്നും പോലീസ് സഹായത്തോടെ രജനി കാറില്‍ കയറി. ആരാധകര്‍ തിക്കിത്തിരക്കിയതോടെ കാര്‍ ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങില്ല എന്ന ഘട്ടത്തിലെത്തി. ഒടുവില്‍ പൊലീസ് ലാത്തിവീശി ആരാധകരെ മാറ്റിനിര്‍ത്തിയാണ് രജനിയുടെ വാഹനത്തിന് വഴിയൊരുക്കിയത് .
താരത്തിന് ഒരു മാസത്തെ വിശ്രമം കൂടി വേണമെന്നാണ് സൂചന. സ്റ്റൈല്‍ മന്നന്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ അസുഖം കാരണം മുടങ്ങിപ്പോയ റാണയുടെ ചിത്രീകരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.