rajanikanthചെന്നൈ:സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വിദഗ്ദചികില്‍സയ്ക്കായി അമേരിക്കയിലേക്ക്. ഇതേത്തുടര്‍ന്ന് അദ്ദേഹം കരാര്‍ ചെയ്തിട്ടുള്ള സിനിമകളുടെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെയ്ക്കും.

അദ്ദേഹത്തിന് സാരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂമോണിയയും ശ്വാസകോശസംബന്ധിയായ അസ്വസ്ഥകളുമാണ് താരത്തിനുള്ളത്. ദഹനവ്യവസ്ഥയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. കൃത്യമായ ശ്രദ്ധ വേണമെന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഐ.സി.യുവില്‍നിന്നും മാറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

രജനിയെ വിദേശത്തേക്ക് വിദഗ്ദപരിശോധനയ്ക്ക് കൊണ്ടുപോകാനുള്ള കുടുംബാംഗങ്ങളുടെ തീരുമാനത്തിന് ആശുപത്രി അധികൃതര്‍ സമ്മതം മൂളിയിട്ടില്ല. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തിന് പരിപൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.