എഡിറ്റര്‍
എഡിറ്റര്‍
രാജ്‌നീതി 2 വില്‍ കത്രീന തന്നെ നായിക
എഡിറ്റര്‍
Saturday 11th August 2012 10:39am

2010ല്‍ ബോക്‌സ് ഓഫീസില്‍  ബിഗ് ഹിറ്റ് സൃഷ്ടിച്ച പ്രകാശ് ഝാ ചിത്രം രാജ്‌നീതിയുടെ രണ്ടാം ഭാഗത്തിലും കത്രീന കൈഫ് തന്നെ നായികയാകുന്നു. രാജ്‌നീതിയുടെ ആദ്യഭാഗത്തില്‍ ഇന്ദു എന്ന യുവതിയുടെ വേഷമാണ് കത്രീന അവതരിപ്പിച്ചത്.

Ads By Google

ചിത്രത്തില്‍ ഇന്ദുവിന്റെ ഭര്‍ത്താവ് പൃഥ്വി(അര്‍ജുന്‍ രാംപാല്‍)യുടെ മരണത്തോടെ ഇന്ദു രാഷ്ട്രീയത്തില്‍ എത്തിപ്പെടുന്നു. ഇന്ദു ഗര്‍ഭിണിയാണെന്നറിയുന്നതോടെ ചിത്രം അവസാനിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗമാണ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങുന്നത്.

രാജ്‌നീതിയുടെ രണ്ടാം ഭാഗത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി കത്രീന പറഞ്ഞു. ‘ പ്രേക്ഷകരെ ശരിക്കും സന്തോഷിപ്പിക്കുന്ന ചുരുക്കം ചില തിരക്കഥകളേയുണ്ടാവാറുള്ളൂ. വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്ത തിരക്കഥയാണ് രാജ്‌നീതിക്കുള്ളത്. ഇതൊരു മികച്ച തിരക്കഥയാണെന്നാണ് എനിക്ക് തോന്നുന്നത്. ‘ കത്രീന വ്യക്തമാക്കി.

അജയ് ദേവ്ഗണ്‍, നാന പടേക്കര്‍, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ രാംപാല്‍, മനോജ് ബജ്‌പേയ്, നസ്‌റുദ്ദീന്‍ ഷാ തുടങ്ങിയവരാണ് രാജ്‌നീതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജ്‌നീതി സംവിധാനം ചെയ്ത പ്രകാശ് ഝാ തന്നെയാണ് രാജ്‌നീതിയുടെ രണ്ടാം ഭാഗവും ഒരുക്കുന്നത്. പ്രകാശ് ഝാ ഇപ്പോള്‍ പുതിയ ചിത്രമായ സത്യാഗ്രഹയുടെ തിരക്കിലാണ്.

സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഏക് താ ടൈഗറാണ് കത്രീനയുടെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ഇതില്‍ സല്‍മാന്‍ ഖാനാണ് നായകന്‍.

Advertisement