എഡിറ്റര്‍
എഡിറ്റര്‍
15000 ഗുജറാത്തുകാരെ രക്ഷച്ചെന്ന് മോഡി അവകാശപ്പെട്ടിട്ടില്ല: രാജ്‌നാഥ്‌സിങ്
എഡിറ്റര്‍
Thursday 27th June 2013 12:50am

rajnath

ലഖ്‌നൗ: പ്രളയക്കെടുതി നേരിടുന്ന ഉത്തരാഖണ്ഡില്‍നിന്ന് 15,000 ഗുജറാത്തുകാരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി നരേന്ദ്രമോഡി അവകാശപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ്.

ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയല്ല മോഡിയെന്നും വാര്‍ത്ത നല്‍കും മുമ്പ് മാധ്യമങ്ങള്‍ അവ ശരിയാണോയെന്ന് പരിശോധിക്കണമെന്നും രാജ്‌നാഥ് പറഞ്ഞു.

Ads By Google

തെറ്റായ വിവരം പ്രചരിപ്പിച്ചതിനുപിന്നില്‍ ആരാണെന്ന് ബി.ജെ.പി. അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മോഡി ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചു എന്നത് ശരിയാണ്. എന്നാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഗുജറാത്തുകാരെ രക്ഷിച്ചെന്ന് ആരും പറഞ്ഞിട്ടില്ല.

മോഡി അവകാശപ്പെട്ടു എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ വില ജനങ്ങള്‍ക്കിടയില്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പാര്‍ട്ടി സംസ്ഥാനഘടകം സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഉത്തരാഖണ്ഡിലേക്ക് അയച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡില്‍നിന്ന് രണ്ടുദിവസം കൊണ്ടു 15,000 ഗുജറാത്തികളെ രക്ഷപെടുത്തിയെന്നായിരുന്നു മോഡിയുടെ പ്രചരണ സംഘത്തെ ഉദ്ധരിച്ചു കൊണ്ട് പുറത്തു വന്ന വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത കളവാണെന്നും വളരെ കുറച്ച് ആളുകളെ മാത്രമേ ഈ സമയം കൊണ്ടു രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തുവന്നു.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനവരെ മോഡിക്കെതിരേ തിരിഞ്ഞു. ദുരന്തത്തിന്റെ പേരില്‍ മോഡിയുടേയും ബി.ജെ.പിയുടേയും മുഖം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണു രാജ്‌നാഥ് സിംഗ് തന്നെ ഇന്നലെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

15,000 പേരെ രക്ഷിച്ചു എന്ന തരത്തില്‍ താന്‍ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മോഡി അറിയിച്ചതായി രാജ്‌നാഥ് വ്യക്തമാക്കി.

ബി.ജെ.പി.യുടെ ‘ജയില്‍ നിറയ്ക്കല്‍’ സമരം ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായും രാജ്‌നാഥ്‌സിങ് പറഞ്ഞു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ എല്ലാ എം.പി. മാരോടും എം.എല്‍.എ.മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

Advertisement