കൊച്ചി: കേരളത്തിലെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ പനിനീര് തളിക്കാനായി കൊണ്ടുവന്ന ആന ഇടഞ്ഞു. രാജ്‌നാഥ് സിങ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തിലെത്തുമ്പോള്‍ സ്വീകരിക്കാനായി പരിശീലനം നല്‍കിക്കൊണ്ടിരിക്കവെയായിരുന്നു ആനയിടഞ്ഞത്.

രാജ്‌നാഥ് സിങ്ങിനെ ആനയെക്കൊണ്ട് ആശിര്‍വദിപ്പിക്കുകയും പനിനീര് തളിക്കുകയുമായിരുന്നു ലക്ഷ്യം. അതിനായി ഗുരുജി ബാലനാരായണന്‍ എന്ന ആനയെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ ആളുകളെ കണ്ട് പേടിച്ച ആന പനിനീര് തെളിച്ചില്ലെന്നു മാത്രമല്ല ഇടയുകയും ചെയ്തു. മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ ഒടുക്കം മയക്കുവെടി വച്ചാണ് തളച്ചത്.

ഇതിന് പിന്നാലെ ബാലനാരായണനെ മാറ്റി മറ്റൊരാനയെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ സ്വീകരിക്കുകയും പനിനീര്‍ തെളിക്കുകയും ചെയ്തു.

എന്നാല്‍ ഇത് നിയമലംഘനമാണെന്നാണ് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്സ് ആരോപിക്കുന്നു. കളക്ടറുടെ അനുമതിയില്ലാതെ നടത്തുന്ന ആനപീഢനങ്ങള്‍ക്കെതിരെ ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്സാണ് പ്രധാനമന്ത്രിയ്ക്ക് ഫെയ്സ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്.

അനധികൃതമായ എഴുന്നള്ളിപ്പ് നടത്താന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് സ്വകാര്യ ചടങ്ങില്‍ ആനയെ എഴുന്നള്ളിച്ചത്. മാത്രമല്ല, ഇതിന് കളക്ടറുടെ അനുമതിയും വാങ്ങിയിരുന്നില്ലെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്സ് ആരോപിച്ചു.