തിരുവനന്തപുരം: മുണ്ടുരിയല്‍ കേസില്‍ പ്രതികളെയും തൊണ്ടിമുതലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. കേസിന്റെ വിചാരണക്കിടയിലാണ് തന്റെ മുണ്ടുരിഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞ കാര്യം ഉണ്ണത്താന്‍ പറഞ്ഞത്. മുണ്ടുരിയുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്റ് പി.പി തങ്കച്ചനും പ്രതികളെ തിരിച്ചറിയാന്‍ കഴിയുമെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്തമാക്കി.

തന്റെ മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞെന്ന് മാത്രമല്ല, സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ അറിയാമെന്നും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ച് കോടതിയില്‍ പരസ്യമായി പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജഡ്ജിയുടെ ചേംബറിലെത്തി പേരുകള്‍ പറയാമെന്നും ഉണ്ണിത്താന്‍ കോടതിയെ അറിയിച്ചു.

അതിനിടെ കേസിലെ തൊണ്ടി മുതലായ ഉണ്ണിത്താന്‍ ധരിച്ചിരുന്ന മുണ്ട് കാണാതെ പോയതിനെ തുടര്‍ന്ന് വിചാരണ മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ടു. വിചാരണ നടന്ന തിരുവനന്തപ്പുരം സി.ജെ.എം കോടതിയുടെ മറ്റൊരു മുറിയില്‍ നിന്നും മുണ്ട് കണ്ടെടുത്തതിന് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. ഈ മുണ്ടും ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു.

അതേസമയം, പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു സംഭവം നടന്നപ്പോള്‍ ഉണ്ണിത്താനൊപ്പം ഉണ്ടായിരുന്ന ശരത്ചന്ദ്രപ്രസാദ് നേരത്തെ മൊഴി നല്‍കിയത്. ഇരുവര്‍ക്കും മര്‍ദനമേറ്റപ്പോള്‍ ഇവര്‍ക്കൊപ്പം മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചെമ്പഴന്തി അനിലും വാഹനത്തിലുണ്ടായിരുന്നു. കേസിലെ മറ്റൊരു സാക്ഷിയായ ചെമ്പഴത്തി അനിലും പ്രതികളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് മൊഴി നല്‍കി. ഇതോടെ ചെമ്പഴന്തി അനിലും കേസില്‍ ശരത്ചന്ദ്രപ്രസാദിനൊപ്പം കൂറുമാറിയിരിക്കുകയാണ്.

2004 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ മുണ്ടുരിയല്‍ സംഭവം നടക്കുന്നത്. കെ.പി.സി.സി യോഗം നടന്ന പി.എം.ജിയിലെ പ്രിയദര്‍ശിനി പ്ലാനിറ്റേറിയത്തില്‍ എത്തിയ കെ.പി.സി.സി മുന്‍ സെക്രട്ടറിമാരായ ശരത് ചന്ദ്രപ്രസാദിനെയും രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒരു സംഘം കാറില്‍ നിന്നു വലിച്ചിറക്കി ആക്രമിച്ചു മുണ്ടുരിഞ്ഞുവെന്നാണു കേസ്.

നേരത്തെ, കേസിലെ പ്രധാന സാക്ഷികളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രനും കോടതിയില്‍ തുടര്‍ച്ചയായി ഹാജാരാകാതിരുന്നതിനെ തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Malayalam news

Kerala news in English