തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ത്രീക്കൊപ്പം മഞ്ചേരിയില്‍ വച്ച് പിടിയിലായ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന സംശയമുണ്ടെന്ന് കെ പി സി സി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ പി മൊയ്തീന്‍ തന്റെ റിപ്പോര്‍ട്ട് നേതൃത്വത്തിന് അയച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മനപ്പൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനാശാസ്യം നടന്നിട്ടില്ല. വീട്ടുകാരെ അറിയിച്ച ശേഷമാണ് ഉണ്ണിത്താന്‍ സ്ത്രീയോടൊപ്പം മഞ്ചേരിയിലെത്തിയത്. അതിന് ശേഷം നടന്ന സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഉണ്ണിത്താനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് കെ പി സി സി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കും.

ഡിസംബര്‍ 20ന് രാത്രിയാണ് മഞ്ചേരിയില്‍ വച്ച് രാജ് മോഹന്‍ ഉണ്ണിത്താനെ കൊല്ലം സ്വദേശിയായ ഒരു സ്ത്രീയ്‌ക്കൊപ്പം അറസ്റ്റ് ചെയ്തത്. സംഭവം വിവാവദമായതോടെ ഉണ്ണിത്താനെ കെ പി സി സി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. വിഷയം അന്വേഷിക്കാന്‍ മൊയ്തീനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബാംഗ്ലൂരിലുള്ള മകനെ കാണാന്‍ പോകുന്ന വഴിയില്‍ നേരത്തെ അറിയാവുന്ന സ്ത്രീക്ക് കാറില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നുവെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശദീകരിച്ചിരുന്നത്. കൊറിയര്‍ വഴിയാണ് റിപ്പോര്‍ട്ട് അയച്ചത്.