എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷായുടെ വാഹനത്തിന് നേരെ ഗുജറാത്തില്‍ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്
എഡിറ്റര്‍
Tuesday 7th March 2017 2:28pm

ജുനഗഥ്: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിഷേധം രൂക്ഷമാക്കി പട്ടേല്‍ സമുദായം. അമിത് ഷായുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഇന്നലെ രാജ്‌കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ്മാര്‍ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു പട്ടേല്‍ സമുദായത്തില്‍പ്പെട്ട പ്രവര്‍ത്തകര്‍ റോഡില്‍ കാത്ത് നിന്ന് വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം വേണമെന്ന ആവശ്യപ്പെട്ട് ദീര്‍ഘനാളായി പട്ടേല്‍സമുദായക്കാര്‍ പ്രക്ഷോഭം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം നിരന്തരമായി അവഗണിക്കുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പട്ടേല്‍ സമുദായം ഉന്നയിക്കുന്നത്.

ഗുജറാത്തില്‍ ഇന്ന് ആരംഭിക്കുന്ന മോദിയുടെ ദ്വിദിന സന്ദര്‍ശത്തില്‍ പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്. സോംനാഥിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. നാളെയാണ് മോദി ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

ജൂണില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിയുടെ പരമാവധി എം.പി മാരെയും എം.എല്‍.എമാരേയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

സോംനാഥില്‍ ബി.ജെ.പിയുടെ എല്ലാ സംസ്ഥാന നേതാക്കളും പങ്കെടുക്കും. മോദിയും അമിത്ഷായും ഒരുമിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തും.

ഗുജറാത്തിലെ വലിയ വോട്ടുബാങ്കാണ് പട്ടേലുക്കാര്‍. കഴിഞ്ഞവര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പ്രധാന കാരണം പട്ടേലുക്കാരുടെ പ്രതിഷേധം തന്നെയായിരുന്നു.

പട്ടേല്‍ സമുദായക്കാര്‍ പ്രതിഷേധം അക്രമത്തിലേക്ക് തിരിയുന്ന പശ്ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശന ദിനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement