Administrator
Administrator
രാജീവ് വധക്കേസ്: കേന്ദ്രം വിശദീകരണം നല്‍കും
Administrator
Wednesday 31st August 2011 9:53am

rajiv-gandi-caseന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകിയതിനെ കുറിച്ച് കേന്ദ്രം മദ്രാസ് ഹൈക്കോടതിക്ക് വിശദീകരണം നല്‍കും. തീരുമാനം വൈകിയതിന്റെ കാരണം അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്.

ദയാഹര്‍ജിയിലെ തീരുമാനം രാഷ്ട്രപതിയുടെ വിവേചനാധികാരമാണെന്നും രാഷ്ട്രപതിയുടെ തീരുമാനം സമയബന്ധിതമല്ലെന്നും കേന്ദ്രം നല്‍കുന്ന വിശദീകരണ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ദയാഹര്‍ജിയില്‍ അഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട് യഥാസമയങ്ങളില്‍ രാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചുട്ടുണ്ടെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.

രാജീവ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് എട്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദയാഹര്‍ജിയിന്‍മേല്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായി എന്ന നിരീക്ഷണത്തിനൊടുവിലാണ് ശിക്ഷ നടപ്പാക്കുന്നത് കോടതി നീട്ടിയത്. കാലതാമസം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ പ്രതികളായ മുരുകന്‍ എന്ന ശ്രീഹരന്‍, ടി.സുതേന്ദ്രരാജ എന്ന ശാന്തന്‍, അറിവ് എന്ന എ.ജി. പേരറിവാളന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്‌റ്റേ ചെയ്തത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സപ്തംബര്‍ ഒമ്പതിന് ഇവരുടെ വധശിക്ഷ നടപ്പാക്കനിനിരിക്കെയാണ് തീരുമാനം

Advertisement