എഡിറ്റര്‍
എഡിറ്റര്‍
രാജീവ് വധം: മൊഴി തിരുത്തിയ മുന്‍ എസ്.പിയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക്
എഡിറ്റര്‍
Tuesday 26th November 2013 8:35am

perarivalanij2

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് സി.ബി.ഐ മുന്‍ എസ്.പി വി. ത്യാഗരാജന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്.

അന്വേഷണനടപടികളുടെയും മൊഴി രേഖപ്പെടുത്തലിന്റെയും വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പങ്ക് വയ്ക്കുവെയ്ക്കുകയോ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ഓഫീസിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് സി.ബി.ഐയുടെ പ്രവര്‍ത്തനം.

രാജീവ് ഗാന്ധി വധക്കേസില്‍  മൊഴി തിരുത്തിയത് കാരണമാണ് പേരറിവാളന് വധശിക്ഷ ലഭിച്ചതെന്ന് ത്യാഗരാജന്‍ കഴിഞ്ഞ ദിവസം ഒരു ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനമായ പി.എം.എ.ഡി.പി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇതേ തുടര്‍ന്നാണ് എസ്.പിയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക് ഏര്‍പ്പെടുത്തിയത്.

ബാറ്ററി വാങ്ങി നല്‍കിയെങ്കിലും അത് ബോംബ് നിര്‍മ്മിക്കാനായിരുന്നെന്ന് അറിയില്ലായിരുന്നെന്ന പേരരിവാളന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. കേസിന് ബലം നല്‍കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ പേരറിവാളന്റെ ഭാവി ഇത്തരത്തില്‍ ആയിപ്പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം മകന്റെ മോചനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇടപെടണമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ ആവശ്യപ്പെട്ടു. കേസിലെ മകന്റെ പങ്ക് കെട്ടിച്ചമച്ചതാണെന്നുള്ള തങ്ങളുടെ വര്‍ഷങ്ങളായുള്ള വാദം ശരിയാണെന്ന് വ്യക്തമായിരിക്കുന്നു.

രാഷ്ട്രപതി ദയാഹരജി തള്ളിയ കേസില്‍ ഇടപെടുന്നതിന് ഭരണഘടനാപരമായ പരിമിതിയുണ്ടെന്ന് ജയലളിത നേരത്തെ പറഞ്ഞിരുന്നു.

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ 22 വര്‍ഷമായി തടവിലാണ്. ഇവര്‍ക്ക് ഇനി വധശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ വിധിച്ച ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ജീവപര്യന്തത്തേക്കാള്‍ വലിയ ശിക്ഷ അനുഭവിച്ച അവരെ ഇനിയും തൂക്കിലേറ്റുന്നത് ഇരട്ടി ശിക്ഷ നല്‍കലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സി.ബി.ഐ മുന്‍ ഡയറക്ടറും കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനുമായ ഡി. ആര്‍ കാര്‍ത്തികേയനും വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരെ ഇനി വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇരട്ടശിക്ഷയാകുമെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് 2011 ഓഗസ്റ്റ് 30-ന് തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

Advertisement