Administrator
Administrator
രാജീവ്ഗാന്ധി വധം: വധശിക്ഷക്ക് സ്റ്റേ
Administrator
Tuesday 30th August 2011 11:46am

rajiv-gandi-caseചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ എട്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ സ്‌റ്റേ ചെയ്തത്. പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍  രാംജഠ്മലാനിയുള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ ഹാജരായത്.

പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ എട്ട് ആഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള ശിക്ഷ ഇതിനകം പ്രതികള്‍ അനുഭവിച്ചു കഴിഞ്ഞിരിക്കയാണെന്നും ഇനിയും വധ ശിക്ഷ നടപ്പാക്കുന്നത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നും അഭിഭാഷകര്‍ വാദിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് 20 വര്‍ഷം തടവില്‍ കഴിയുകയെന്നത് തന്നെ ഇന്ത്യന്‍ നിയമസംവിധാനത്തില്‍ മുമ്പില്ലാത്തതാണ്. 11 വര്‍ഷമാണ് പ്രതികളുടെ ദയാഹരജി പ്രസിഡന്റിന്റെ മുന്നില്‍ തീരുമാനമാകാതെ കിടന്നത്. പിന്നീട് പ്രത്യേക കാരണമൊന്നും കാണിക്കാതെയാണ് അപേക്ഷ തള്ളിയത്. ദയാഹരജി രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡന്റിന്റെ മുന്നില്‍ കിടന്നാല്‍ ആ കാരണം കൊണ്ട് തന്നെ അവരുടെ വധശിക്ഷ റദ്ദാക്കുന്ന കാര്യം പരിഗണിക്കണമെന്ന നേരത്തെയുള്ള സുപ്രീം കോടതി വിധിയും ഇവര്‍ കോടതിയെ അറിയിച്ചു.

അതേസമയം വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് കാണിച്ച് തമിഴ്‌നാട് നിയമസഭ ഇന്ന് പ്രമേയം പാസാക്കി. വധശിക്ഷക്കെതിരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് നിയമസഭയുടെ നടപടി.

മുരുകന്‍, സന്താന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. തങ്ങളുടെ ദയാഹരജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കാണിച്ച് ഹരജി സമര്‍പ്പിച്ചത്. സെപ്തംബര്‍ ഒമ്പതിന് ഇവരുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ഹൈക്കോടതി സ്‌റ്റേയുണ്ടായിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ 26 പ്രതികള്‍ക്ക് വിചാരണക്കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചു. 1999ല്‍ മുരുകന്‍, ചിന്നശാന്തന്‍, പേരറിവലന്‍ എന്നിവരുടെയും കൂട്ടുപ്രതിയായ നളിനിയുടെയും വധശിക്ഷ ശരിവെച്ചു. ജയില്‍വാസത്തിനിടെ അമ്മയായ നളിനിയുടെ ദയാഹരജി പരിഗണിച്ചശേഷം കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ പ്രകാരം ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു.

Advertisement