എഡിറ്റര്‍
എഡിറ്റര്‍
തൂക്കുമരം കാത്തിരിക്കുന്ന പേരറിവാളനും മുരുകനും 12ാം ക്ലാസില്‍ മിന്നുന്ന ജയം
എഡിറ്റര്‍
Wednesday 23rd May 2012 12:57am

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന എ.ജി പേരറിവാളനും മുരുകനും തമിഴ് നാട് സര്‍ക്കാരിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന വിജയം. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ പേരറിവാളന്‍ 91 ശതമാനം മാര്‍ക്കും മുരുകന്‍ 81 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വെല്ലൂരിലെ ജയിലിലാണ് ഇവര്‍ കഴിയുന്നത്.

രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ ശാന്തനും ഇവര്‍ക്കൊപ്പം വെല്ലൂര്‍ ജയിലില്‍ കഴിയുന്നുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശിക്ഷാ ഇളവ് തേടിയിട്ടുണ്ട്. 1991 ല്‍ ജൂണില്‍ സി.ബി.ഐ അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസ്സായിരുന്നു. കേസിലെ പ്രധാനപ്രതിയായ ശിവരശന് ബോംബ് നിര്‍മ്മിക്കാന്‍ ഒമ്പത് വോള്‍ട്ടിന്റെ ബാറ്ററി വാങ്ങിക്കൊടുത്തു എന്നുള്ളതാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം.

തടവറയില്‍ പുസ്തക വായനയാണ് പേരറിവാളന്റെ പ്രധാനജോലി. കവിതയെയും കഥകളെയും അഗാതമായി സ്‌നേഹിക്കുന്ന ഇയാള്‍ തിരുവള്ളുവരുടെ ആരാധകനാണ്. രാജീവ് ഗാന്ധിയുടെ വിധവയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെയും തുടര്‍ന്ന് ശിക്ഷാ കാലാവധി ലഭിച്ച നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍.

കാലാവധി പൂര്‍ത്തിയാക്കി നളിനി ജയില്‍ മോചിതയായി. മുരുകന് കൊമേഴ്‌സില്‍ നൂറുശതമാനം മാര്‍ക്കുണ്ട്. പേരറിവാളന് കൊമേഴ്‌സില്‍ 198 മാര്‍ക്കാണ് ഉള്ളത്. തമിഴില്‍ 185, ചരിത്രം 183 , ധനതത്വശാസ്ത്രം182 എന്നിങ്ങനെയാണ് പേരറിവാളന്‍ നേടിയ മാര്‍ക്കുകള്‍. മുരുകന്‍ തമിഴില്‍ 173 മാര്‍ക്കും ഇംഗ്ലീഷില്‍ 185 മാര്‍ക്കും നേടി. 200 ആയിരുന്നു ഓരോ വിഷയത്തിലേയും മാര്‍ക്ക്.

Advertisement