ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പുനര്‍വിചാരണ വേണമെന്നാവശ്യപ്പെട്ട് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ അമ്മ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് ശിക്ഷയില്‍ കഴിയുന്ന പേരറിവാളന്‍ എന്നയാളുടെ അമ്മ അര്‍പ്പുതം അമ്മാളാണ് പുനര്‍വിചാരണ ആവശ്യപ്പെട്ടു രംഗത്തെത്തിയത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലാണ് അവര്‍ തങ്ങളുടെ ആവശ്യം വ്യക്തമാക്കിയത്. കേസിലെ മുഖ്യപ്രതിയായ നളിനിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതുപോലെ തന്റെ മകന്റെയും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി ജയലളിതയോട് സഹായമഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.

പേരറിവാളനുള്‍പ്പടെയുള്ള മൂന്നുപേരുടെ ദയാഹരജികള്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളിയ സാഹചര്യത്തിലാണ് അര്‍പ്പുതം അമ്മാളിന്റെ രംഗപ്രവേശം. പേരറിവാളനൊപ്പം മുരുകന്‍, ശാന്തന്‍ എന്നിവരുടെ ദയാഹരജികളാണ് രാഷ്ട്രപതി തള്ളിയത്.

1991 ല്‍ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പുത്തൂരില്‍വെച്ച് വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.