ചെന്നൈ: രാജീവ് വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളുടെ നേതാക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിക്കും. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി ഉള്‍പ്പടെയുള്ള നേതാക്കളാണ് ഈ ആവശ്യവുമായി കേന്ദ്രത്തിനെ സമീപിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് വെല്ലൂര്‍ ജയില്‍ അധികൃതര്‍ക്ക് കിട്ടുന്നത്. സെപ്തംബര്‍ 9 ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കക്ഷിനേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതിനിടെ പേരറിവാളന്റെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യവുമായി മുഖ്യമന്ത്രി ജയലളിതയെ സമീപിക്കുമെന്ന് പ്രതിയുടെ അമ്മ അര്‍പ്പുതം അമ്മാള്‍ രംഗത്തെത്തിയിരുന്നു. വധക്കേസിലെ മുഖ്യപ്രതിയായ നളിനിയുടെ ശിക്ഷയില്‍ ഇളവു ചെയ്ത സാഹചര്യത്തിലാണ് അര്‍പ്പുതം അമ്മാളിന്റെ രംഗപ്രവേശം.