ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സെപ്തംബര്‍ 9 ന് നടത്തും. പ്രതികളായ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷയാണ് 9 ന് നടപ്പിലാക്കുക. പ്രതികളുടെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇന്ന് ഉച്ചയ്ക്കാണ് വെല്ലൂര്‍ ജയിലില്‍ ലഭിച്ചത്. വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

പ്രതികളിലൊരാളായ പേരറളിവാളന്റെ അമ്മ കേസില്‍ പുനര്‍വിചാരണ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ നളിനിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതുപോലെ തന്റെ മകനായ പേരറിവാളന്റെയും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് സഹായമഭ്യര്‍ത്ഥിക്കുമെന്നും അര്‍പ്പുതം അമ്മാള്‍ വ്യക്തമാക്കിയിരുന്നു.

1991 ല്‍ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പുത്തൂരില്‍വെച്ച് വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.