Categories

സ്ത്രീകളെ ആക്ഷേപിച്ച രജിത് കുമാര്‍ ഋഷി തുല്യനെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍

rejith

തിരുവനന്തപുരം: സ്ത്രീകളെ ആക്ഷേപിച്ച് പ്രസംഗിച്ച രജത് കുമാര്‍ ഋഷി തുല്യനാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡെപ്യൂട്ടി ഡയറക്ടറുടെ നിരീക്ഷണം.

രജിത് കുമാറിന്റെ പ്രസംഗത്തിനെതിരെ കൂവിയ തിരുവനന്തപുരം വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ പ്രവര്‍ത്തി വകതിരിവില്ലാത്തതാണെന്നും ഡെപ്യൂട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads By Google

സ്ത്രീകളെ അപമാനിച്ച് രജിത് കുമാര്‍ വിമന്‍സ് കോളേജില്‍ വെച്ച് നടത്തിയ പ്രസംഗത്തിനെതിരെ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ ഗിരിജാ ദേവിയെ ചുമതലപ്പെടുത്തിയത്.

ഒന്നും അന്വേഷിക്കാതെയാണ് തന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന രജിത് കുമാറിന്റെ വാദം അപ്പാടെ അംഗീകരിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ഇയാളെ വിശുദ്ധനായി ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ്.

കണ്ണ് കാണാന്‍ മാത്രമല്ല, ആകര്‍ഷിക്കാനും വികര്‍ഷിക്കാനുമുള്ളതാണെന്നും പെണ്‍കുട്ടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പിതൃതുല്യമായ ആകാംക്ഷ പ്രസംഗത്തില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, രജിത് കുമാറിന്റെ ആക്ഷേപം സഹിക്കാതെ കൂവിയെ ആര്യയുടെ പ്രവര്‍ത്തിയെ വകതിരിവില്ലാത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിത് കുമാറിന്റെ പ്രസംഗം സ്ത്രീശാക്തീകരണത്തിന് അത്യാവശ്യമാണെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ പക്ഷം. രജത് കുമാറിന്റെ പ്രസംഗം കേട്ട് ശ്രോതാക്കള്‍ ശുദ്ധീകരിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യയും അധ്യാപകരും അടക്കം 13 പേര്‍ രജിത് കുമാറിന് എതിരായി മൊഴി നല്‍കിയെങ്കിലും ഇതൊക്കെ അവഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ നടന്ന് ചടങ്ങിലാണ് ഡോ.രജിത് കുമാര്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

”ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി  നടക്കണം എന്ന്… ഇഷ്ടപ്പെട്ടില്ല!…ഇഷ്ടപ്പെട്ടില്ല!…പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം…’

‘ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ…ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും… അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…’

ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് എന്നും പ്രസംഗത്തില്‍ പറയുന്നു.

മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ലെന്നും ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നുമായിരുന്നു സ്റ്റുഡന്റ് പൊലീസ് പദ്ധതിയിലെ പരിശീലകന്‍ കൂടിയായ രജിത് കുമാറിന്റെ പ്രസംഗം.

പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്? ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവും.

സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച ആര്യ പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

എന്നാല്‍ അതേക്കുറിച്ച് രജിത് കുമാറിന്റെ പ്രതികരണം ഇതായിരുന്നു. ‘നമുക്കാ മോളോടു ക്ഷമിക്കാം… ഒരു പ്രോബ്ലോമില്ല.. കാരണം എല്ലാം ജീനുകളുടെ പ്രശ്‌നങ്ങളാണ്..ഡി.എന്‍.എയും ജീനും…മനസ്സിലായോ ?’ എന്നുപറഞ്ഞ് രജിത് കുമാര്‍ പൊതുവേദിയില്‍ കുട്ടിയെ അപമാനിക്കുകയും ചെയ്തു.

ഇങ്ങനെയുള്ള സംസാരം തുടര്‍ന്നാല്‍ വിദ്യാര്‍ഥിനികളുടെ പ്രതികരണം മോശമാകുമെന്ന് കോളേജ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രജിത് കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.

Tagged with: