പളനി: രജനിയോട് ആരാധകര്‍ക്കുള്ള സ്‌നേഹത്തിന് കൈയ്യും കണക്കുമില്ല. അടുത്തിടെ അണുബാധയെ തുടര്‍ന്ന് രജനി ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴാണ് ഫാന്‍സിന്റെ സ്‌നേഹം ഏറ്റവും പ്രകടമായത്. രജനിയുടെ രോഗവിവരം അറിഞ്ഞ് ഹൃദയം പൊട്ടിമരിച്ചവരും, പ്രിയതാരത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥനകളോടെ ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയവരും കുറവല്ല.

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. പൂര്‍വ്വാധികം ശക്തിയോടെ രജനി തിരിച്ചെത്തി. ഇനി ആ നേര്‍ച്ചകളൊക്കെ നടത്തണം.

കഴിഞ്ഞദിവസം പളനി മുരുക ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്തത് 1008 രജനി ആരാധകരാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന തങ്ങളുടെ തലൈവന് വേണ്ടിയായിരുന്നു. തമിഴ്‌നാട് രജനികാന്ത് പൊതു തൊഴിലാളര്‍ സംഘത്തിലെ അംഗങ്ങളും തങ്ങളുടെ താരത്തെ തിരിച്ചുതന്ന ദൈവത്തിന് നന്ദി രേഖപ്പെടുത്താനെത്തി.

സിംഗപ്പൂരിലെ ചികിത്സയ്ക്കുശേഷം രജനി ആരോഗ്യവാനായി തിരിച്ചെത്തിയാല്‍ പളനിയിലെത്തി തലമുണ്ഡനം ചെയ്യുമെന്ന് നേര്‍ച്ച പറഞ്ഞിരുന്നതായി സംഘടനയുടെ പ്രസിഡന്റ് മുരുകേശന്‍ പറഞ്ഞു. തങ്ങളുടെ നേര്‍ച്ച നടത്താന്‍ വേണ്ടിയാണ് ഇന്നിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മൊട്ടയടിച്ചതിനു പുറമേ ആ ദിവസം ക്ഷേത്രത്തിലെത്തിയ 1,500 ഭക്തന്‍മാര്‍ക്ക് ഇവരുടെ വക സൗജന്യ ഉച്ചഭക്ഷണ വിതരണവുമുണ്ടായിരുന്നു.

ജൂലൈ 13നാണ് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയ രജനി ചെന്നൈയില്‍ തിരിച്ചെത്തിയത്. ആരാധകരുടെ പ്രാര്‍ത്ഥനയും, സ്‌നേഹവുമാണ് തനിക്ക് ആരോഗ്യം വീണ്ടുകിട്ടിയതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.