സിംഗപ്പൂര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. മരുമകനും നടനുമായ ധനുഷാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും നാഷണല്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും കുറച്ചുദിവസംകൂടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വിശ്രമിക്കേണ്ടിവരുമെന്നും ധനുഷ് അറിയിച്ചു.

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ റാണയുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം ആശുപത്രിവിട്ട അദ്ദേഹത്തെ നെഞ്ചിലുണ്ടായ നീര്‍ക്കെട്ടിനെത്തുടര്‍ന്ന് പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറ്റിയിരുന്നു.

അതേസമയം രജനി അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും റാണയെന്നും സൂചനയുണ്ട്.