തമിഴകത്തെ താരചക്രവര്‍ത്തിമാരുടെ മക്കള്‍ ഒന്നിക്കുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ഉലകനായകന്‍ കമലഹാസന്റെ മകള്‍ ശ്രുതിയുമാണ് തങ്ങളുടെ പുതിയ ചിത്രത്തിലൂടെ ഒരുമിക്കുന്നത്.

ധനുഷിന്റെ ജ്യേഷ്ഠനായ ശെല്‍വരാഘവന്റെ അസിസ്റ്റന്റായി ജോലി ചെയ്ത ഐശ്വര്യയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഭര്‍ത്താവും നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ നായികാവേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്.

രജനീകാന്തിനെവെച്ച് ‘സുല്‍ത്താന്‍ ദ വാരിയര്‍’ എന്ന ആനിമേഷന്‍ ചിത്രം ഐശ്വര്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം റാണ എന്ന പേരില്‍ മുഴുനീളചിത്രമാക്കിയെടുക്കാന്‍ രജനി തീരുമാനിക്കുകയായിരുന്നു.

അഭിനയത്തില്‍ മാത്രമല്ല, സംഗീതത്തിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് ശ്രുതി. മോഹന്‍ലാലും കമല്‍ഹാസനും പ്രധാനവേഷങ്ങളിലെത്തിയ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചിരുന്നത് ശ്രുതിയായിരുന്നു. തുടര്‍ന്ന് ഹിന്ദിയിലും ബോളിവുഡിലുമായി ആറോളം ചിത്രത്തിലഭിനയിച്ച ശ്രുതി ‘ഏഴാം അറിവ്’ എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി അഭിനയിക്കുകയാണ്.

‘ഗജിനി’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തമിഴിലും തരംഗം സൃഷ്ടിച്ച എ.മുരുഗദോസാണ് ചിത്രത്തിന്റെ സംവിധായകന്‍.

കമല്‍ഹാസന്‍ നായകനായി അഭിനയിച്ച ‘ അപൂര്‍വരാഗങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഒരുപിടി ചിത്രങ്ങളിലഭിനയിച്ചു. അവരൊന്നിച്ച് അഭിനയിക്കുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

മക്കള്‍ ഒന്നിച്ച് സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ഇരുവര്‍ക്കും സന്തോഷം നല്‍കുന്നതാണ്. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള രജനി മടങ്ങിയെത്തിയ ഉടന്‍തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സിനിമയില്‍ ചിലപ്പോള്‍ രജനിയും കമലും അതിഥിവേഷത്തിലെത്താനും സാധ്യതയുണ്ട്.