എഡിറ്റര്‍
എഡിറ്റര്‍
രാജേന്ദ്രന്‍ പിണറായിക്ക് സേവ പിടിക്കുന്നു
എഡിറ്റര്‍
Tuesday 29th January 2013 1:23pm

തിരുവനന്തപുരം: പിണറായി വിജയന്റെ സേവ പിടിക്കാനാണ് തന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

പിണറായിയുടെ പ്രീതി പിടിച്ചുപറ്റാനാണ് ലാവലിന്‍ കേസില്‍ രാജേന്ദ്രന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. പിണറായിയെ തെറ്റിദ്ധരിപ്പിക്കാനാണ് രാജേന്ദ്രന്‍ ശ്രമിച്ചതെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

രാജേന്ദ്രന്‍ വകതിരിവില്ലാത്തവനാണെന്നും വിജയന്‍ ഉള്‍പ്പെട്ട കേസില്‍ താന്‍ ഇടപെട്ടു എന്ന് വരുത്തിതീര്‍ക്കാനാണ് രാജേന്ദ്രന്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

പിണറായി വിജയന്‍ കൂടി നിര്‍ദേശിച്ചാണ് രാജേന്ദ്രനെ സെക്രട്ടറിയാക്കിയത്. തന്നെ കാണാന്‍ വന്ന ചിലരെ രാജേന്ദ്രന്‍ അനുവദിച്ചില്ല. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജസ്റ്റീസുമാരും കേന്ദ്രമന്ത്രിമാരും കാണാന്‍ വന്നിരുന്നു. ആ സമയത്ത് രാജേന്ദ്രനെ അകത്തു കയറ്റാറില്ല. പുറത്തിരുന്നുകൊണ്ട് അയാള്‍ പലതും ഊഹിച്ചാതാണ്.

ഇവരൊക്കെ തന്നെ സന്ദര്‍ശിച്ചത് ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന് രാജേന്ദ്രന്‍ തെറ്റിദ്ധരിപ്പിച്ചു. അത്‌കൊണ്ടാണ് അയാളെ പറഞ്ഞയച്ചത്. ഇതിന്റെ ദേഷ്യമാണ് തനിക്കെതിരെ ആരോപണമുന്നയിക്കാന്‍ കാരണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തെറ്റിദ്ധരിക്കുന്നയാളാണോ പിണറായി എന്ന ചോദ്യത്തിന് അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താമെന്നും വി.എസ് പറഞ്ഞു. തന്റെ ഭാഗങ്ങള്‍ കേള്‍ക്കാതെയാണ് കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മാധ്യമങ്ങള്‍ ഇത് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അത് കരുണാകരന്‍ ചെയ്യേണ്ടതായിരുന്നു. വിവാദ  വ്യവസായി നന്ദകുമാറുമായി എനിക്കൊരു ബന്ധവുമില്ല. ലാവലിന്‍ കേസ് ക്രൈം നന്ദകുമാറാണ് കൊടുത്തത്. ക്രൈം നന്ദകുമാറിനെ വ്യവസായി നന്ദകുമാറായി തെറ്റിദ്ധരിപ്പിക്കാനാണ്  ശ്രമിച്ചത്. ഇതൊക്കെ രാജേന്ദ്രനാണ് ചെയ്തത്.

എസ്. രാജേന്ദ്രന്റെ ആരോപണത്തെ തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ വി.എസിന്റെ പങ്ക് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ  നിയോഗിച്ചത്. ലാവലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വി.എസ് രഹസ്യനീക്കം നടത്തിയെന്ന് പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

Advertisement