തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടേയും സര്‍വ്വകലാശാല ജീവനക്കാരുടേയും ശമ്പളപരിഷ്‌ക്കരണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന് സമര്‍പ്പിച്ചു. സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബുവാണ് റിപ്പോര്‍ട്ട് കൈമാറിയത്.

സംസ്ഥാന ജീവനക്കാരുടെ കുറഞ്ഞശമ്പളം 8500 രൂപയായും ഉയര്‍ന്ന ശമ്പളം 59840 ആയും നിശ്ചയിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലധികം സര്‍വ്വീസുള്ളവര്‍ക്ക് 15 ശതമാനം സര്‍വ്വീസ് വെയിറ്റേജ് ലഭിക്കും. ഏറ്റവും താഴ്ന്ന സ്‌കെയിലില്‍ ആയിരം മുതല്‍ രണ്ടായിരും രൂപവരെ വര്‍ധനവുണ്ട്.

സംസ്ഥാന സര്‍വ്വീസിലെ വനിതകള്‍ക്ക് ഏറെ അനുകൂലമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസവാവധി ഒരുവര്‍ഷം വരെയാക്കാന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാനായി മന്ത്രിസഭാ ഉപസമിതി ഉടനേ രൂപീകരിക്കും. തുടര്‍നടപടികള്‍ ഏത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പുതിയ ശമ്പളം നടപ്പില്‍വരുത്താനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.