ന്യൂയോര്‍ക്ക്: ഗോള്‍ഡ് മാന്‍ സാക്‌സിന്റെ മുന്‍ ഡയറക്ടറും ഇന്തോ-അമേരിക്കന്‍ വ്യവസായിയുമായ രജത് ഗുപ്തക്ക് രണ്ട് വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു.

കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയതിനാണ് യു.എസ് കോടതി 63 കാരനായ രജത് ഗുപ്തക്ക് ശിക്ഷ വിധിച്ചത്. ഹെഡ്ജ് കമ്പനി സ്ഥാപകന്‍ രാജരത്‌നത്തിന് വേണ്ടിയാണ് രജത് ഗുപ്ത കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയത്.

Ads By Google

കമ്പനി രഹസ്യം ചോര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയില്‍ കുറ്റക്കാരനായി വിധിക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന വാള്‍സ്ട്രീറ്റ് എക്‌സിക്യുട്ടീവ് ആണ് രജത് ഗുപ്ത.

കൊല്‍ക്കത്ത സ്വദേശിയായ രജത് ഗുപ്ത ദല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹാര്‍ഡ് വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം.ബി.എയും നേടി. ഗോള്‍ഡ് മാന്‍ സാക്‌സ് കൂടാതെ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിള്‍, എ.എം.ആര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഡയറക്ടര്‍ കൂടിയായിരുന്നു.

1973ല്‍ യു.എസ് ബഹുരാഷ്ട്ര കമ്പനിയായ മക്കിന്‍സിയില്‍ ചേര്‍ന്ന രജത് 20 വര്‍ഷം കൊണ്ട് കമ്പനിയുടെ ആഗോള തലവനായി. അമേരിക്കന്‍ കമ്പനിയുടെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യാക്കാരനായിരുന്നു രജത്.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ സ്ഥാപകരില്‍ ഒരാളായ രജത്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയുടെ ഉപദേശകന്‍, റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു ആയുഷ്‌ക്കാലം കൊണ്ട് താന്‍ സമൂഹത്തിലും വ്യാവസായിക ലോകത്തും നേടിയെടുത്ത ബഹുമാനവും മതിപ്പും ഈ സംഭവത്തിലൂടെ കളങ്കപ്പെടുന്നതില്‍ അതിയായ ദു:ഖമുണ്ടെന്ന് ശിക്ഷാ വിധികേട്ട രജത് ഗുപ്ത പറഞ്ഞു.