ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു ആറു വിക്കറ്റ് വിജയം. റോസ് ടെയ്‌ലറിന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ റോയല്‍സ് പൂന വാരിയേഴ്‌സിനെ പിറകിലാക്കി. ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം റോയല്‍സ് മറികടന്നു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടിടത്താണ് റോസ് ടെയ്‌ലര്‍ രക്ഷകന്റെ ദൗത്യം ഏറ്റെടുത്തത്. 35 പന്തില്‍ നിന്ന് പുറത്താകാതെ 47 റണ്‍സ് നേടിയ ടെയ്‌ലര്‍ ആണ് റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സിക്‌സറും ബൗണ്ടറികളുമായി ആഞ്ഞടിച്ച ടെയ്‌ലര്‍ക്ക്, രഹാനെ 9 പന്തില്‍ നിന്ന് പുറത്താകാതെ 15 റണ്‌സ് നേടി പൂര്‍ണ പിന്തുണ നല്‍കി. ഈ കൂട്ടുകെട്ടാണ് റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായകപങ്കുവഹിച്ചത്. മിനാരിയ 29 റണ്‍സ് നേടി റോയല്‍സിന്റെ വിജയത്തില്‍ പങ്കാളിയായി.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പൂനയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍ ജെസി റൈഡര്‍ 18 റണ്‍സുമായി പുറത്തായി. തുടര്‍ന്ന് മനീഷ് പാണ്ടക്കു കൂട്ടായെത്തിയ റോബിന്‍ ഉത്തപ്പ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പൂന സ്‌കോര്‍ ബോര്‍ഡ് 70 റണ്‍സില്‍ എത്തിയപ്പോഴാണ് ഉത്തപ്പ- പാണ്ട കൂട്ടുകെട്ട് തകര്‍ക്കാന്‍ റോയല്‍സിനു കഴിഞ്ഞത്. ഷെയിന്‍ വോണിന്റെ പന്തില്‍ യാഗ്നിക്കിനു ക്യാച്ച് നല്‍കിയാണ് ഉത്തപ്പ പുറത്തായത്. 21 പന്തില്‍ നിന്ന് 35 റണ്‍സാണ് ഉത്തപ്പയുടെ സംഭാവന.

പിന്നാലെ യുവരാജ് സിംഗ് ഏഴു റണ്‍സുമായി കൂടാരം കയറിയപ്പോള്‍ അതേ ഓവറില്‍ തന്നെ 30 റണ്‍സുമായി പാണ്ടയും പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മനാസും(24), നഥാന്‍ മക്കല്ലവുമാണ് പൂനയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. റോയല്‍സിനു വേണ്ടി ത്രിവേദി രണ്ടു വിക്കറ്റ് വീഴ്ത്തി.