ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് രാജസ്ഥാനിലെ ഒരു ഗ്രാമപഞ്ചായത്ത് ഉത്തരവ് പുറത്തിറക്കി. മൊബൈല്‍ ഉപയോഗിക്കുന്നതിനും ശിരോവസ്ത്രമില്ലാതെ പുറത്ത് പോകുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടികള്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാജസ്ഥാനിലെ കിഷോര്‍പുര ഗ്രാമമാണ് പുതിയ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്. ജെയ്പൂരില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജുന്‍ജുനു ജില്ലയിലാണ് ഈ ഗ്രാമം.

പഞ്ചായത്ത് വിളിച്ചുചേര്‍ത്ത പൊതുയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മൊബൈല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. സ്ത്രീകള്‍ക്ക് മൊബൈല്‍ പോണ്‍ അനാവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിലക്ക് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഗ്രാമത്തലവന്‍ വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തിന്റെ ഉത്തരവിനെ ഗ്രാമത്തിലെ മിക്കയാളുകളും അനുകൂലിച്ചു.

ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമവും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു.