Categories

വികസനത്തില്‍ മാതൃകാസംസ്ഥാനം ഗുജറാത്ത് അല്ല രാജസ്ഥാന്‍ ആണെന്ന് ഗെലോട്ട്

ashok1

ജയ്പൂര്‍: വികസനത്തിന് മാതൃകാപരമായ സംസ്ഥാനം ഗുജറാത്ത് അല്ല രാജസ്ഥാന്‍ ആണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗുജറാത്തിലെ വികസനം അഹമ്മദാബാദും ബറോഡയും മാത്രം കേന്ദ്രീകരിച്ച് നടക്കുന്നതാണെന്നും ഗെലോട്ട് ആരോപിച്ചു.

‘ഗുജറാത്തിലെ വികസനം ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. അത് മുമ്പ് തന്നെ വികസിച്ചതാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത പല ഗ്രാമപ്രദേശങ്ങളും ഇപ്പോഴും ഗുജറാത്തില്‍ ഉണ്ട്. ഗുജറാത്ത് അല്ല, രാജസ്ഥാന്‍ ആണ് വികസനത്തിന് മാതൃക.’- അദ്ദേഹം പറഞ്ഞു.

ജയ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പ്രകാശിപ്പിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സര്‍ക്കാര്‍ വന്‍ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.

ഗുജറാത്തിനെപ്പോലെ ഇറക്കുമതിക്കും കയറ്റുമതിക്കും ഉതകും വിധം തീരപ്രദേശമുള്ള സംസ്ഥാനമല്ല രാജസ്ഥാന്‍ എന്നും അഹമ്മദാബാദിലെയും ബറോഡയിലെയും വികസനം ഗുജറാത്ത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനമായി കണക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവജനങ്ങളുടെ മാതൃകാ പുരുഷന്‍ മോദിയല്ല മറിച്ച് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ‘മോദി തെറ്റായ വാദങ്ങളാണ് റാലികളില്‍ നിരത്തുന്നത്. ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തൊരു വ്യക്തി പ്രധാനമന്ത്രിയാകരുത്.’

തെറ്റായ സന്ദേശം പകര്‍ന്ന് മോദി സാമുദായിക വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.