ഇന്ത്യ കൈവരിച്ച പുരോഗതിയെ കുറിച്ച് വാചാലരാകുന്ന നേതാക്കളൊന്നും ഈ പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. വ്യവസായ വികസനം, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് പദ്ധതികള്‍ മാറിമാറി പരീക്ഷിക്കുന്ന ഭരണകൂടം ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നതോ, അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതോ

രാജസ്ഥാനില്‍ വരള്‍ച്ച കാരണം സാധാരണക്കാര്‍ നാടുവിടുകയാണ്. ജലദൗര്‍ലഭ്യവും കൃഷിനാശവും കാരണം  എല്ലാ പ്രതീക്ഷകളും കൈവിട്ട് ഇവര്‍ പടിയിറങ്ങുകയാണ്. ഇവരില്‍ ഭൂരിഭാഗംപേരും കൃഷിക്കാരാണ്. കൃഷി ജീവിതോപാധിയായി സ്വീകരിച്ച ഈ ജനത ഏക്കറുകണക്കിന് പാടങ്ങള്‍ ഒഴിവാക്കി പോകുന്നു.

പന്ത്രണ്ടോളം കുടുംബങ്ങള്‍ ഇവിടെനിന്നും വിട്ടുപോയിട്ടുണ്ട്. ഒഴിഞ്ഞ വീടുകളും കൃഷിസ്ഥലങ്ങളും ഇവിടെ സാധാരണയായി മാറക്കൊണ്ടിരിക്കുകയാണ്. പലരും കന്നുകാലികളെപ്പോലും ഉപേക്ഷിച്ചാണ് പോയത്. ചിലര്‍ കന്നുകാലികളെ ഒപ്പം കൂട്ടി.ജീവിക്കാന്‍ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തതാണ് ഈ തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

കുടിക്കാനും കൃഷിചെയ്യാനും ആവശ്യമായ ജലം ലഭ്യമാക്കാന്‍ ഇവര്‍ സര്‍ക്കാരിനെ സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായി. ഇപ്പോഴും സര്‍ക്കാര്‍ പറയുന്നത് ജലം ലഭ്യമാക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഇവര്‍ക്ക് ജലം ലഭിച്ചില്ലെങ്കില്‍ അവിടം വിട്ടുപോകുകയല്ലാതെ മറ്റുവഴിയില്ല.

ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് പേരിനെങ്കിലും കൃഷിചെയ്യുന്ന ഇവരും കൃഷിനിര്‍ത്തുന്നത്. ജീവിക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ജനക്ഷേമം വിസ്മരിക്കുന്ന ഭരണകൂടത്തിന് അവര്‍ പ്രതിഷേധിക്കുമ്പോള്‍ തടയാനും അര്‍ഹതിയില്ല.