ജയ്പൂര്‍: കൃഷിയിടത്തില്‍ കന്നുകാലികള്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ 58 കാരനായ ദളിത് കര്‍ഷകനെ ഭൂവുടമ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ കൊലാകി നഗളിലാണ് സംഭവം. ബഗ്ദരന്‍ മീനയെന്നയാളാണ് കൊല്ലപ്പെട്ടത്.

റാവ്ത റാം എന്ന ഭൂവുടമയുടെ കൃഷിയിടത്തില്‍ തെരുവില്‍ അലഞ്ഞുനടക്കുന്ന കാലികള്‍ കയറിയിരുന്നു. ഇതേ കൃഷിയിടത്തിലെ ജോലിക്കാരനായിരുന്നു മീന. കന്നുകാലികളെ ഉടനെ തന്നെ ഇദ്ദേഹം ഓടിച്ചുവിടുകയും തുടര്‍ന്ന് തൊട്ടടുത്ത കൃഷിയിടത്തില്‍ ഇദ്ദേഹം ജോലി തുടരുകയുമായിരുന്നു. എന്നാല്‍ അതേദിവസം രാത്രി റാവ്ത് റാം ഒരു സംഘം ആളുകളമായി ബഗ്ദരന്‍ മീനയുടെ വീട്ടില്‍ എത്തുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിരുന്നു.


Dont Miss അനിതയുടെ മാതാപിതാക്കളുടെ കണ്ണീരൊപ്പാന്‍ വിജയ് എത്തി; ഇളയദളപതിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി പിതാവ്


‘ ബോധം നശിക്കുന്നതുവരെ അവര്‍ എന്റെ സഹോദരനെ മര്‍ദ്ദിച്ചു. അവരെ തടയാനായി ഞാന്‍ ചെന്നെങ്കിലും എന്നെയും അവര്‍ അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. അവരുടെ ഭൂമിയിലേക്ക് തങ്ങള്‍ മനപൂര്‍വം കാലികളെ കൊണ്ടുവിടുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം- മീനയുടെ സഹോദരന്‍ സുഭാഷ് പറയുന്നു.

മര്‍ദ്ദനത്തിന് പിന്നാലെ അവര്‍ സ്ഥലംവിടുകയായിരുന്നു. ഉടന്‍ തന്നെ സഹോദരനെ ആശുപത്രില്‍എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും 13 മണിക്കൂറുകള്‍ കഴിഞ്ഞാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായതെന്നും സുഭാഷ് പറയുന്നു.