ചെന്നൈ: രണ്ടാം തലമുറ സ്‌പെകട്രം അഴിമതിക്കേസിലെ മുഖ്യപ്രതി എ.രാജയുടെ കൂട്ടാളിയും പ്രമുഖ ബിസിനസുകാരനുമായ സാദിഖ് ബാഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗ്രീന്‍ഹൗസ് റിയല്‍റ്റേര്‍സിന്റെ എം.ഡിയായിരുന്നു ബാഷ. ബാഷ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.

സ്‌പെക്ട്രം അഴിമതികേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി ഇന്ന് ദല്‍ഹിയിലേക്ക് പോകാനിരിക്കേയാണ് ബാഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌പെക്ട്രം വിഷയത്തില്‍ ബാഷയുടെ വസതിയിലും ഓഫീസിലും സി.ബി.ഐ നേരത്തേ റെയ്ഡ് നടത്തുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എ.രാജ നടത്തിയ ഇടപാടുകളുടെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രീന്‍ഹൗസും സാദിഖ് ബാഷയുമായിരുന്നു. സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ ഷഹീദ് ബല്‍വയാണ് ബാഷയെ രാജയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.