ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ എന്തു ചെയ്താലും അത് വാര്‍ത്തയാണ്. തിരഞ്ഞെടുപ്പ് സമയത്തും അതുതന്നെ സംഭവിച്ചു. വോട്ടുചെയ്യാനെത്തിയ രജനിയെ പിന്തുടര്‍ന്നത് ക്യാമറകളുടെ വന്‍പട. വോട്ടുചെയ്യാനായി കാര്‍ഡ്‌ബോര്‍ഡുകൊണ്ട് ക്രമീകരിച്ച സ്ഥലത്തെത്തുമ്പോഴും ക്യാമറകള്‍ കണ്ണുതുറന്നിരുന്നു. ഒടുവില്‍ വോട്ടുചെയ്‌തെന്നു കാണിച്ച് കൈവിരലുയര്‍ത്തി രജനീകാന്ത് ബൂത്ത് വിടുകയും ചെയ്തു.

താന്‍ വോട്ടുചെയ്തത് ആര്‍ക്കാണെന്നത് ടി.വി ദൃശ്യങ്ങളിലൂടെ വെളിവായപ്പോഴാണ് സ്റ്റാര്‍ മന്നന് അക്കിടി പറ്റിയത് മനസിലായത്. രണ്ടില ചിഹ്നമായിട്ടുള്ള (സാക്ഷാല്‍ പുരൈട്ച്ചി തലൈവി ജയലളിതയുടെ) സ്ഥാനാര്‍ത്ഥിക്ക് രജനീകാന്ത് വോട്ടുചെയ്തതായിട്ടാണ് വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുള്ളത്.

എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇടപെട്ടതോടെ ചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു. എങ്കിലും രണ്ടില ചിഹ്നത്തിനാണ് അണ്ണന്‍ വോട്ടുചെയ്തതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. എന്തായാലും രജനിയുടെ വോട്ടിംഗ് ഇതിനകം തന്നെ സിനിമാ-രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.