സറ്റൈല്‍മന്നന്‍ രജനികാന്തിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. ഈ കണ്‍കണ്ട ദൈവത്തിനുവേണ്ടി ജീവന്‍ കളയാന്‍പോലും ആരാധകര്‍ തയ്യാറാണ്. കുറച്ചുദിവസങ്ങളായി ചെന്നൈയിലും സിംഗപ്പൂരിലുമായി ചികില്‍സയില്‍ കഴിയുന്ന രജനീകാന്തിന്റെ ജീവനും പൂര്‍ണ്ണാരോഗ്യത്തിനുംവേണ്ടി പല തരത്തിലുള്ള നേര്‍ച്ചകളാണ് ആരാധകര്‍ നടത്തിയത്.

എന്നാല്‍ ചെന്നൈയിലെ സാലിഗ്രാമത്തിലെ ഗൗരി എന്ന ആരാധികയുടെ നേര്‍ച്ച ഇതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു. തന്റെ ആരാധ്യപുരുഷനായ രജിനിയുടെ തിരിച്ചുവരവിനായി സ്വന്തം മകളുടെ വിവാഹമാണ് ഗൗരി മാറ്റിവെച്ചത്. രജനി ആരോഗ്യവാനായി തിരിച്ചുവന്നാല്‍ തല മുണ്ഡനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍മാത്രമേ തന്റെ മകള്‍ ലാവണ്യയുടെ നടത്തൂവെന്നുമായിരുന്നു ഗൗരിയുടെ പ്രതിജ്ഞ. സിംഗപ്പൂരില്‍നിന്ന് വിദഗ്ധചികില്‍സ കഴിഞ്ഞ് രജനി തിരിച്ചെത്തിയ ഉടന്‍ ഇവര്‍ പ്രതിജ്ഞകളിലൊന്ന് നിറവേറ്റി. ഏറെക്കുറെ തീരുമാനിച്ചുറപ്പിച്ച മകളുടെ വിവാഹം സ്റ്റൈല്‍ മന്നന്റെ സാന്നിധ്യത്തില്‍നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഗൗരി. വിശ്രമം കഴിഞ്ഞ് താരം തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാനും ഇവര്‍ തയ്യാറാണ്.

Subscribe Us:

കഴിഞ്ഞ 10 വര്‍ഷമായി തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗൗരി രജനീകാന്തിന്റെ കടുത്ത ആരാധികയാണ്. അദ്ദേഹത്തിന്റെ ഓരോ പിറന്നാള്‍ദിനത്തിലും പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും അവര്‍ വിതരണം ചെയ്യുന്നു. തനിക്ക് ലഭിക്കുന്ന വരുമാനത്തില്‍നിന്നാണ് അവരിതിനുള്ള തുക കണ്ടെത്തുന്നത്. ഒരിക്കല്‍ രജനികാന്തിനെ നേരില്‍ കണ്ടപ്പോള്‍ പണം മിതമായി ചെലവഴിക്കാന്‍ അദ്ദേഹം അവരെ ഉപദേശിച്ചു.

ഗൗരിയുടെ പ്രതിജ്ഞയും നേര്‍ച്ചയും താരമറിയുന്നുണ്ടാവണം. മൂന്നുമാസങ്ങള്‍ക്കുശേഷം അദ്ദേഹം ഈ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാന്‍ ആരാധകവൃന്ദം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.